സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം അ‍ഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് സംഘടനാ സംവിധാനത്തിലെ പിടിപ്പു കേടുമുതൽ നേതാക്കളുടെ സ്വഭാവദൂഷ്യം വരെ വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ആനാവൂര്‍ പക്ഷത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം അ‍ഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് സംഘടനാ സംവിധാനത്തിലെ പിടിപ്പു കേടുമുതൽ നേതാക്കളുടെ സ്വഭാവദൂഷ്യം വരെ വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടത്. നഗരസഭയിലെ എസ്ഇ എസ്ടി ഫണ്ട് വിവാദം പുനരന്വേഷിക്കാനും ആനാവൂര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങൾ പരിശോധിക്കാനും നടപടികളുണ്ടായേക്കും. 

തെറ്റുതിരുത്തൽ രേഖ നടപ്പാക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ജില്ലയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇഴകീറി പരിശോധന നടന്നത്. എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ശ്രീമതി, പുത്തലത്ത് ദിനേശൻ, പി കെ ബിജു, ആനാവൂര്‍ നാഗപ്പൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ രണ്ട് ദിവസം മുൻപ് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിൽ ഉയര്‍ന്നത് ഗൗരവമേറിയ വിമര്‍ശനങ്ങളാണ്. 25 പേരാണ് മുൻ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കെഎസ് സുനിൽ കുമാറും ചേര്‍ന്ന സഖ്യത്തിനെതിരെ സംസാരിച്ചത്. തലസ്ഥാനത്തെ വ്യവസായികൾ അടക്കം ഉപജാപക സംഘത്തിന്റെ പിടിയിലാണ് ആനാവൂര്‍ എന്നായിരുന്നു വിമര്‍ശനം. കെ എസ് സുനിൽ കുമാറിനെ ജില്ലാ സെക്രട്ടറിസ്ഥാനത്തെത്തിക്കാൻ സോഷ്യമീഡിയയിൽ അടക്കം വലിയ ക്യാമ്പെയിൻ നടത്തിയെന്ന അംഗങ്ങൾ ആരോപിച്ചു. ആരുമങ്ങനെ മൂക്കാതെ പഴുക്കേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. 

ഞെട്ടലോടെയാണ് ആനാവൂരിനെതിരെ ഉയര്‍ന്ന സ്വഭാവ ദൂഷ്യ ആരോപണം നേതാക്കൾ കേട്ടത്. തിരുവനന്തപുരം നഗരസഭയിലെ എസ്ഇഎസ്ടി വിവാദം വീണ്ടും അന്വേഷിക്കാൻ സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. ആനാവൂര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളും പരിശോധിച്ചേക്കും. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണത്തിനെതിരെ പാര്‍ട്ടി പറഞ്ഞിട്ടും കേസിന് പോകാത്തതിലായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനം. പാര്‍ട്ടി തീരുമാനം അതായിരുന്നെന്ന് കടകംപള്ളി മറുപടി നൽകി. അത് ശരിയാണെന്ന് ആനാവൂരും സമ്മതിച്ചു. പാര്‍ട്ടി ഘടകത്തിൽ സമീപകാലത്തൊന്നും കേൾക്കാത്തത്ര വലിയ വിമര്‍ശനങ്ങളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയര്‍ന്നത്. പുതിയ ജില്ലാ സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം സംഘടനാ സംവിധാനം അടിമുടി ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് വിമര്‍ശനങ്ങളേയും നടപടികളേയും വിലയിരുത്തുന്നത്.