Asianet News MalayalamAsianet News Malayalam

Binoy Viswam : കോൺ​ഗ്രസ് അനുകൂല പരാമർശം അനവസരത്തിൽ; സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

അത്തരമൊരു പ്രസ്താവന എൽഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോൺഗ്രസ് വേദിയിൽ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി. 

criticism on binoy viswam at the cpi executive meeting over congress favor statement
Author
Thiruvananthapuram, First Published Jan 5, 2022, 2:18 PM IST

തിരുവനന്തപുരം:  സിപിഐ (CPI) എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന്  (Binoy Viswam)  വിമർശനം. കോൺഗ്രസ് അനുകൂല പരാമർശത്തിലാണ് വിമർശനം. പ്രസ്താവന അനവസരത്തിലാണെന്ന്  യോഗത്തിൽ അഭിപ്രായമുയർന്നു.

അത്തരമൊരു പ്രസ്താവന എൽഡിഎഫിനെ (LDF)   ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോൺഗ്രസ് വേദിയിൽ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി. 

കോൺ​ഗ്രസ് (Congress)  തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ  ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതിനെക്കുറിച്ച് തങ്ങൾക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ്‌ പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയിൽ പി ടി തോമസ് അനുസ്മരണത്തിൽ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.

ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിപിഐ മുഖപത്രം ഇന്നലെ രംഗത്തെത്തിയിരുന്നു. 
രാജ്യത്ത് രാഷ്ട്രീയ ബദൽ ഉണ്ടാക്കാൻ കോൺഗ്രസ് അനിവാര്യ ഘടകം ആണെന്നാണ് ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞത്.  കോൺഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകൾ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും എന്നും ജനയുഗം എഴുതി. ഇതിനു പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തി. സിപിഐ നിലപാട് തള്ളിയ കോടിയേരി , കോൺഗ്രസിനെ ബദലായി കാണാനാവില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ  ഇടതുപക്ഷത്തിന് സഹായകമാകില്ല. സിപിഐ നിലപാട് തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായമാകുമെന്നും കോടിയേരി ഇടുക്കിയിൽ തുറന്നടിച്ചു. പിന്നാലെയാണ് ഇപ്പോൾ സിപിഐ എക്സിക്യൂട്ടീവ് യോ​ഗത്തിൽ ബിനോയ് വിശ്വത്തിന് നേരെ വിമർശനം ഉണ്ടായിരിക്കുന്നത്. 

Read Also: കോൺ​ഗ്രസ് ബന്ധത്തിനായി വീണ്ടും ബിനോയ് വിശ്വം; രണ്ട് മുഖ്യ ശത്രുക്കൾ ഉണ്ടാകുന്നത് വിജയത്തെ ബാധിക്കും


 

Follow Us:
Download App:
  • android
  • ios