എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട്  സമർപ്പിക്കാത്തതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു

തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമ‍ർപ്പിക്കാത്തതിനെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമർശിച്ചിരുന്നു. എം ആർ അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്.

അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് വിജിലൻസ് നൽകുന്ന റിപ്പോർട്ടിൻമേൽ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിർണായമാകും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മേൽ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി തൽസ്ഥിത റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിയുടെ പരാമർശങ്ങൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നു എന്നതാണ്. ഡി ജി പി, ഐ ജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എ ഡി ജി പിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഐ ജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാ‍ഞ്ചിൽ നിന്നും എ അക്ബറിനെ ഇൻ്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

നേരത്തെ ഐ എ എസ് തലപ്പത്തും അഴിച്ചുപണി നടന്നിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേയ്ക്ക് മാറ്റിയിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന് തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്കാണ് മാറ്റം. മിര്‍ മുഹമ്മദ് അലിയെ കെ എസ് ഇ ബി ചെയര്‍മാനാക്കി. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണിത്. അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനവകുപ്പ് സെക്രട്ടറിയാക്കി. ഡോ. എസ് ചിത്രയെ ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.