വിവാദമായ സമ്പത്ത് കസ്റ്റഡി കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥൻ എ.വിപിൻദാസിനും ക്ലീൻചീറ്റ്, കോടതി കുറ്റവിമുക്തനാക്കി
പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാണിച്ചു എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റാരോപണം. വിപിൻ ദാസിന്‍റെ വിടുതൽ ഹർജി പരിഗണിച്ചാണ് ഉത്തരവ്. എറണാകുളം സിബിഐ കോടതിയാണ് കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ എ.വിപിൻദാസ് കുറ്റവിമുക്തനായി. പുത്തൂർ ഷീല വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിപിൻദാസ്. പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാണിച്ചു എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റാരോപണം. വിപിൻ ദാസിന്‍റെ വിടുതൽ ഹർജി പരിഗണിച്ചാണ് ഉത്തരവ്. എറണാകുളം സിബിഐ കോടതിയാണ് കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
സമ്പത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പ്രതികളെ 2022ൽ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഡി വൈ എസ് പി രാമചന്ദ്രൻ, സി പി ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. എറണാകുളം സിബിഐ കോടതിയുടേതായിരുന്നു ഉത്തരവ്. തങ്ങളെ പ്രതി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലായിരുന്നു വിധി വന്നത്.
സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ പൊലീസ് കസ്റ്റഡി മരണക്കേസായിരുന്നു സമ്പത്ത് കസ്റ്റഡി കൊലപാതകം. ഈ രണ്ടുപ്രതികളെ കോടതി വിചാരണകൂടാതെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 2010 മാർച്ച് 29ന് കൊലപാതക്കേസ് പ്രതിയായ സമ്പത്തിനെ മലമ്പുഴയിൽ റിവർ സൈഡ് കോട്ടോജിൽ വെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച സംഭവം പിന്നീട് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. പാലക്കാട് പുത്തൂരിലെ ഷീല കൊലപാതകക്കേസ് പ്രതിയായിരുന്നു കൊല്ലപ്പെട്ട സമ്പത്ത്. ചോദ്യം ചെയ്യലിനിടെ കടുത്ത ശാരീരിക മർദ്ദനമേറ്റതാണ് മരണ കാരണം എന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്. ഡി വൈ എസ് പിയായിരുന്ന രാമചന്ദ്രൻ സഹപ്രവർത്തരെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി രേഖകൾ തിരുത്തുകയും വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
സമ്പത്തിനെ കസ്റ്റഡിയിൽ എടുത്തതിനും ചോദ്യം ചെയ്തതിനും ദൃക്സാക്ഷിയായ ഒരാളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തിരുന്നത്. ഇരുവർക്കെതിരെയും സിബി ഐ ചുമത്തിയ തെളിവുകൾ വിചാരണയ്ക്ക് പര്യാപ്തമല്ലെന്ന കണ്ടെത്തലോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കസ്റ്റഡി മരണക്കേസിൽ നേരത്തെ ആരോപണവിധേയരായിരുന്ന നിലവിലെ എഡി ജിപി വിജയ് സാഖറേ, മുൻ ഡിജിപി മുഹമ്മദ് യാസിൻ തുടങ്ങിയവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8