രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നൽകികൊണ്ടുള്ള വിധി പറഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷൻ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാൻഡിലാണെന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദത്തിന് ശേഷം ഉത്തരവിനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ വിധി പറഞ്ഞത്. ഈ കേസിലെ മറ്റൊരു പ്രതി സന്ദീപാ വാര്യയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് ഡിസംബര്‍ 11നാണ് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്തത്. നേരത്തെ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജിയിൽ വാദം നടന്നത്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണ്‍ കണ്ടെത്താനായില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത രാഹുൽ ഈശ്വറിനെ ഫോര്‍ട്ട് ആശുപത്രിയിലും ഓര്‍ത്തോ പരിശോധനക്കായി ജനറൽ ആശുപത്രിയിലും കൊണ്ടുവന്നിരുന്നു. കോടതി നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു അന്ന് രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ 30ന് വൈകിട്ടാണ് അതിജീവിതയുടെ പരാതിയിൽ കേസെടുത്ത പൊലീസ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുലിന്‍റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. മൊബൈലിലെ ഒരു ഫോള്‍ഡറിൽ അപ് ലോഡ് ചെയ്ത വീഡിയോ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. സൈബര്‍ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിനെ പുറമെ രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യര്‍ എന്നിവരെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു. നാലു പേരുടെ യുആര്‍എൽ ഐഡികളാണ് പരാതിക്കാരി പൊലീസിന് കൈമാറിയിരുന്നത്. ഇത് പരിശോധിച്ചശേഷമായിരുന്നു പൊലീസ് തുടര്‍ നടപടികളിലേക്ക് കടന്നത്.

YouTube video player