തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കൻ കേരളത്തിൽ റെഡ് അലർട്ട് തുടരുകയാണ്. നിലവിൽ വലിയ നാശനഷ്ടത്തിന് സാധ്യതയില്ലെന്നും എന്നാൽ കാറ്റ് കടന്ന് പോകുന്നത് വരെ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നാളെ കേരളത്തിലൂടെ കടന്ന് പോകുമ്പോൾ 60 മുതൽ 70 കിലോ മീറ്റർ വരെയാകും കാറ്റിന്‍റെ വേഗതയെന്നാണ് മുന്നറിയിപ്പ്. 

ബുറേവി ശ്രീലങ്ക തൊട്ടിട്ടും കാര്യമായ നാശമുണ്ടാക്കിയില്ല. തമിഴ്നാട് തീരത്തെത്തി കേരളത്തിലേക്ക് കടക്കുമ്പോൾ തീവ്രത കുറയും. എങ്കിലും സംസ്ഥാനം ബുറേവി ജാഗ്രതയിലാണ്. പുതിയ സഞ്ചാരപാത വന്നതോടെ ആശങ്ക നെയ്യാറ്റിൻകരയിൽ നിന്നും മാറി. പുതിയ മുന്നറിയിപ്പ് പ്രകാരം പൊന്മുടി- വർക്കല ആറ്റിങ്ങൽ കൊല്ലം വഴിയാണ് കാറ്റിന്‍റെ സഞ്ചാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും ജാഗ്രത തുടരുകയാണ്.

ജില്ലകളിൽ കൊവിഡ് പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാർക്ക് തന്നെ ബുറേവി ജാഗ്രതയും ഏകോപിപ്പിക്കാൻ ചുമതല നൽകി. . പൊന്മുടിയിലെ ലയങ്ങളിൽ നിന്നും ആളുകളെ ആനപ്പാറ, കല്ലാർ മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്.  ഇടുക്കി, കോട്ടയം, എറണാകുളും ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

എട്ട് കമ്പനി എൻഡിആർഎഫ് സംഘം കേരളത്തിലുണ്ട്. മീൻപിടുത്തം പൂർണ്ണമായും വിലക്കി. ജില്ലകളിലെല്ലാം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൊല്ലത്ത് തീരമേഖലക്ക് പുറമേ കോട്ടാരക്കര പുനലൂ‍ർ പത്തനാപുരം പ്രദേശവും ജാഗ്രതയിലാണ്. ഇടുക്കിയിൽ പീരുമേട് വാഗമൺ ഏലപ്പാറ ഉപ്പുതറ പ്രദേശങ്ങളിലെ ലയങ്ങളിൽ താമസക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും നിരോധനമുണ്ട്.