സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുന്നാണ് സാധ്യത. മൂന്ന് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുന്നാണ് സാധ്യത. അതേസമയം, കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. രാവിലെ കേരളത്തിലെ അഞ്ച് ജില്ലകളിലായിരുന്ന ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് മൂന്നു ജില്ലകളിലായി കുറഞ്ഞു. ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആളപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നാലെ അലര്‍ട്ടുകളൊന്നുമില്ല. ബംഗാൾ ഉൾക്കടലിൽ മോൻത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
മൊൻത ചുഴലിക്കാറ്റ് നാളെ അതിതീവ്ര ചുഴലിക്കാറ്റായി മാറും
അതേസമയം, മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാത്രിയോടെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ തീരങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിൽ സ്കൂളുകൾ അടച്ചു.



