മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നും കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ടെന്നും ഹൈബി ഈഡൻ വ്യക്തമാക്കി
കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്. ദുരുഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നും എറണാകുളം എം പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണത്തിനായി ജിസിഡിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്റ്റേഡിയം കൈക്കൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട് ഇതിൽ സമഗ്ര അന്വേഷണം വേണം. ജിസിഡിയെ ചെയർമാൻ രാജിവെക്കണമെന്നും ഷിയാസ് പറഞ്ഞു.
അതേസമയം, സ്റ്റേഡിയത്തെക്കുറിച്ചും സ്പോൺസറെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ല. മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്.
ജിസിഡിഎയ്ക്ക് കത്തയച്ച് ഹൈബി ഈഡൻ എംപി
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡൻ. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. സ്പോർട്സ് കേരള ഫൗണ്ടേഷന് നവീകരണ പ്രവർത്തനങ്ങളിലുള്ള പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഡിസംബറിലെ ഐഎസ്എൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം സജ്ജമാകുമോയെന്നും അർജന്റീന മത്സരം നടക്കാത്ത സാഹചര്യത്തിൽ സ്പോൺസർക്ക് സ്റ്റേഡിയത്തിലുള്ള അവകാശങ്ങൾ നിലനിൽക്കുന്നുണ്ടോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും മത്സരത്തിന്‍റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ നടത്തിവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്.
ഗ്രേറ്റര്‍ കൊച്ചിൻ ഡെവലപ്മെന്‍റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാനാണ് കത്ത്. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോയെന്നാണ് എംപിയുടെ ആദ്യത്തെ ചോദ്യം. നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണെന്നും ഭാവിയിലെ കായിക, സാംസ്കാരിക പരിപാടികള്‍ക്ക് നവീകരണം ഗുണം ചെയ്യുമോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.
എംപി ഉന്നയിക്കുന്ന മറ്റു ചോദ്യങ്ങള്‍
നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയത് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണോ?
ഫിഫയുടെ അംഗീകാരം പ്രതീക്ഷിച്ച സമയപരിധിക്കുള്ളിൽ യഥാര്‍ഥ്യമാകുന്നില്ലെങ്കിൽ ഒരു അടിയന്തര പദ്ധതി നിലവിലുണ്ടോ?
ഡിസംബറിൽ ഐഎസ്എൽ മത്സരങ്ങള്‍ സംഘടിപ്പിക്കാൻ സ്റ്റേഡിയം തയ്യാറാകുമോ?
കേരള ഫുട്ബോള്‍ അസോസിയേഷന് നിലവിലെ നവീകരണത്തിൽ ഏതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉണ്ടോ?


