വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ ഐബി ഉദ്യോ​ഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.

ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ​ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. 

സുകാന്ത് സുരേഷിനെതിരെ പൊലീസ് ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്.

ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. 

Read Also: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates