മകൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നും കണ്ണൂരിൽ പോയി വന്നശേഷം ദീപക്ക് വലിയ പ്രയാസത്തിൽ ആയിരുന്നുവെന്നും അച്ഛൻ പറയുന്നു. എന്ത് പറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു.
കോഴിക്കോട്: ദീപക്കിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് വീടും നാടും. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത്. ഓനൊന്നിനും പോകാത്തവനാ, അതാണ് ഇങ്ങനെ കേട്ടപ്പോ അവനത്ര സഹിക്കാൻ പറ്റാതായതെന്ന് ദീപക്കിന്റെ അച്ഛൻ ചോയി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മകൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നും കണ്ണൂരിൽ പോയി വന്നശേഷം ദീപക്ക് വലിയ പ്രയാസത്തിൽ ആയിരുന്നുവെന്നും അച്ഛൻ പറയുന്നു. എന്ത് പറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ല എന്നും ചോയി പറഞ്ഞു.എന്‍റെ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റൊരാൾക്ക് സംഭവിക്കരുതെന്നും അച്ഛൻ പറഞ്ഞു. പിന്നീടാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അച്ഛൻ പറഞ്ഞു. യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.
മരിക്കുന്നതിന്റെ തലേന്നും രാവിലെ ദീപക് തന്നെ വിളിച്ചിരുന്നെന്നും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ബന്ധു സനീഷ് പറയുന്നു. എന്ത് കാര്യമുണ്ടേലും അവൻ സംസാരിക്കാറുണ്ടായിരുന്നുവെന്നും സനീഷ് പറയുന്നു. ഞായറാഴ്ച ദീപക്കിനെ നേരിട്ട് കാണാനിരുന്നതാണെന്ന് സനീഷ് പറയുന്നു. ഇങ്ങനെയൊരു സംഭവമായിരുന്നെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സനീഷിന്റെ വാക്കുകൾ. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാനനഷ്ടത്തിന് കേസ് കൊടുക്കുന്ന കാര്യവും ദീപക് ആലോചിച്ചിരുന്നു. വക്കീലിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കുന്നു. ദീപക്കിന് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും നിലപാട്.
കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് ദീപക്. ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ ദീപക്കിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ദീപക് ജീവനൊടുക്കിയത്.



