കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി-ട്വന്‍റി- 20 സഖ്യം നാളെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, തൃക്കാക്കരയിൽ സഖ്യത്തിൻ്റെ രാഷ്ട്രീയ നിലപാട് നാളെയോടെ വ്യക്തമാക്കും.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവർത്തകരുടെ നേതൃത്തിൽ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി-ട്വന്‍റി- 20 സഖ്യം നാളെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, തൃക്കാക്കരയിൽ സഖ്യത്തിൻ്റെ രാഷ്ട്രീയ നിലപാട് നാളെയോടെ വ്യക്തമാക്കും. പുതിയ ബദലിനുള്ള കളമൊരുക്കലാകും കെജ്‍രിവാളിന്‍റെ നാളത്തെ കിഴക്കമ്പലം പൊതുസമ്മേളനം.
ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചത്.
Also Read : 'തൃക്കാക്കര സൗഭാഗ്യം തന്നെ'; സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്നും ഇ പി ജയരാജന്‍

തൃക്കാക്കരയിൽ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിന് യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് നൽകുന്നത്. പഴയ വൈരം വിട്ട കോൺഗ്രസ് ഇരുകയ്യും നീട്ടി ട്വൻറി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിർപ്പുകൾ മാറ്റി സാബുവിനെ പിണക്കാൻ സിപിഎമ്മും തയ്യാറല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതിൽ ആപ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.
Also Read : 'മുഖ്യമന്ത്രിയുടെ പ്രയോഗം ക്രൂരവും നിന്ദ്യവും', തൃക്കാക്കരക്കരയിൽ പിണറായിയുടെ പരാമർശം ആയുധമാക്കി യുഡിഎഫ്
അതേസമയം, തൃക്കാക്കരയിൽ ആര് ജയിക്കുമെന്ന കൃത്യമായ ധാരണ ട്വന്റി ട്വന്റിക്കുണ്ടെന്ന് സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃക്കാക്കരയിൽ ആര് ജയിക്കുമെന്ന് സർവ്വേ നടത്തി അറിഞ്ഞുവെന്നാണ് ട്വന്‍റി ട്വന്‍റി അവകാശവാദം. വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറയുന്നു. സർവ്വേയിൽ ജയിക്കുമെന്ന് കണ്ടെത്തിയവർക്കാകുമോ പിന്തുണ എന്ന ചോദ്യത്തിനും മറുപടിയില്ല.
നിലവിൽ, ആം ആദ്മി-ട്വന്‍റി- 20 സഖ്യം തൃക്കാക്കരക്ക് മാത്രമാണ്. പക്ഷെ ദില്ലിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് കേരളത്തിലെത്തുന്ന അരവിന്ദ് കെജ്രിവാൾ ട്വന്‍റി ട്വന്‍റി പിന്തുണയോടെ പുതിയ സാധ്യത തേടുകയാണ്. ബദൽ നീക്കത്തെ മുന്നണികൾ ആശങ്കയോടെയാണ് കാണുന്നത്.
