എൻഡിഎ മുന്നണിയിൽ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയില്ലെന്ന് സികെ ജാനു
കൽപ്പറ്റ: എൻഡിഎ മുന്നണിയിൽ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്ന് സികെ ജാനു. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ആവശ്യം ഉന്നയിച്ച് പലതവണ കത്ത് നൽകിയെന്നും അമിത് ഷായെ കണ്ടിട്ടും ഇക്കാര്യത്തിൽ ഒരു കാര്യവും ഉണ്ടായില്ലെന്നും സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്ന ബിജെപി നിലപാടിൽ കഴമ്പില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം ജെആർപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സികെ ജാനു പറഞ്ഞു.
സർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തിയ സികെ ജാനു കോളനിക്ക് ഉന്നതിയെന്ന മണ്ണാങ്കട്ട പേര് മാറ്റിയിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. ജീവിതനിലവാരം മാറ്റിയിട്ട് ഉന്നതി എന്ന് സർക്കാർ പേരിട്ടാൽ അന്തസ്സ് ഉണ്ട്. സർക്കാർ ആദിവാസികളെ പറ്റിക്കുകയാണ്. ആദിവാസികൾ ഇപ്പോഴും വീടുപോലുമില്ലാതെ കഴിയുകയാണ്. പ്രചരണം നടത്തുന്നത് പോലെ ഒരു വികസനവും ഉണ്ടായിട്ടില്ല. തൊഴിലുറപ്പുകൊണ്ട് മാത്രമാണ് ആദിവാസികൾ ജീവിക്കുന്നത്. കരം അടച്ച രസീത് ഇല്ലാത്തതിനാൽ ആദിവാസി വിഭാഗത്തിൽ ഉള്ളവർ ജയിലിൽ പോയാൽ പോലും ജാമ്യം എടുക്കാൻ കഴിയുന്നില്ലെന്നും സികെ ജാനു പറഞ്ഞു.


