Asianet News MalayalamAsianet News Malayalam

സിന്ധുവിന്റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം

മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 

departmental action in suicide of differently abled rto staff sindhu at mananthavady
Author
Wayanad, First Published Apr 8, 2022, 3:04 PM IST

വയനാട്: മാനന്തവാടി (Mananthavady) സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടി ഉണ്ടാകും. 

സിന്ധുവിന്‍റെ ആത്മഹത്യയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ പി രാജീവാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. നിർബന്ധിത അവധിയിൽ പോയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം. 

അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒയെ നേരിൽ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ ‍ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

Alos Read : മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

 

സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിൻ്റെ ഡയറിയിൽ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമർശമുണ്ടെന്ന് പൊലീസ് പറഞ്ഞു. സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിന്ധുവിനെ ഓഫീസിനുള്ളിൽ വെച്ച് ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചത് അറിയാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്ബി പ്രദീപ് പറഞ്ഞു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സിന്ധുവും മറ്റ് 4 സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. ഓഫീസിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. 

മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പി എ ജോസ് നൽകിയ പരാതിയിൽ മാനന്തവാടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സിന്ധുവിന്‍റെ മൈബൈൽ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Alos Read : 'കൈക്കൂലിക്ക് കൂട്ടുനിന്നില്ല, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം'; ആർടിഒ ജീവനക്കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios