Asianet News MalayalamAsianet News Malayalam

ഡെപ്യൂട്ടി സ്പീക്കർ-ആരോഗ്യ മന്ത്രി പോര്; എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി ചിറ്റയം ഗോപകുമാർ

മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്.

deputy speaker chittayam gopakumar complaint to ldf against health minister veena george
Author
Pathanamthitta, First Published May 14, 2022, 3:41 PM IST

പത്തനംതിട്ട: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ  (Deputy speaker) ചിറ്റയം ഗോപകുമാറും (Chittayam Gopakumar) ആരോഗ്യ മന്ത്രി വീണ ജോർജും (Minister Veena George) തമ്മിലുള്ള പോര് രൂക്ഷമാകുന്നു. വിഷയത്തില്‍ വീണ ജോർജിന് പിന്നാലെ ചിറ്റയം ഗോപകുമാറും പരാതിയുമായി സംസ്ഥാന എൽഡിഎഫ് നേതൃത്വത്തെ സമീപിച്ചു. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനങ്ങൾ അതിരുകടന്നെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും  അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.

Also Read : ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിൽ എൽഡിഎഫ് ഇടപെടുന്നു, പരസ്യപ്രതികരണം വിലക്കി

ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്‍റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്. 

Also Read : 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിലടക്കം വൻ പരാജയം' , ആരോഗ്യമന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

അതേസമയം, സർക്കാർ പരിപാടി ബഹിഷ്കരിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നിലപാടിനെതിരെ പത്തനംതിട്ടയിലെ സി പി എം നേതൃത്വം രംഗത്തെത്തി. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് പോലെ വിചിത്രമാണ് അടൂർ എംഎൽഎയുടെ ആരോപണമെന്നാണ് സി പി എം ജില്ലാ സെക്രടറിയുടെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios