തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രത്യേക പൂജകളും വഴിപാടുകളും വെബ് സ്ട്രീമിലൂടെ ലോകമെങ്ങും തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രിമാരും വിവിധ ദേവസ്വം ബോർഡുകളും സർക്കാരിനെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം പരിപാടിയിൽ ഇന്നലെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതിഥിയായി എത്തിയപ്പോൾ ആണ് ഈസ്റ്റർ ദിന പ്രാർത്ഥനാ ചടങ്ങുകൾ വത്തിക്കാനിൽ നിന്നും കേരളത്തിലെ പള്ളിക്കള്ളിൽ നിന്നും തത്മസമയം സംപ്രേക്ഷണം ചെയ്തത് മാതൃകയാക്കി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ തത്സമയം വെബ് സ്ട്രീം ചെയ്യണം എന്ന നിർദേശം സ്വാമി സന്ദീപാനന്ദഗിരി മുന്നോട്ട് വച്ചത്. ഈ നിർദേശം പരിശോധിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്ഷേത്ര പൂജകളുടെ വെബ് സ്ട്രീമിംഗ് നടക്കില്ലെന്ന് വിവിധ ക്ഷേത്രം തന്ത്രിമാർ അറിയിച്ചതായി തിരുവിതാംകൂർ  ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ.വാസു അറിയിച്ചു. വെബ്സ്ട്രീം ആചാരപരമല്ലെന്നും ശ്രീകോവിലിനുള്ളിലെ ചടങ്ങുകൾ ചിത്രീകരികരിക്കാനാകില്ലെന്നും തന്ത്രിമാർ നിലപാട് എടുത്തതായാണ് വിവരം. തന്ത്രിമാരുടെ അഭിപ്രായം മന്ത്രിയെ അറിയിച്ചെന്ന് എൻ.വാസു പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം