ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് യൂത്ത് കോൺ​ഗ്രസ് നേതാവായ നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് ഇന്നും തെരച്ചിൽ നടത്താനാണ് പൊലീസിന്റെ തീരുമാനം

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ (SFI Activist Dheeraj Murder) കൊലപ്പെടുത്തിയ കേസിൽ കുത്തിയ കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. കേസിലെ നിർണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായിരുന്നില്ല. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് യൂത്ത് കോൺ​ഗ്രസ് നേതാവായ നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് ഇന്നും തെരച്ചിൽ നടത്താനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ കേസിലെ മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജിതിന്‍ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടന്‍, നിതിൻ ലൂക്കോസ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. നിഖിൽ പൈലി, ജെറിന്‍ ജോജോ എന്നിവരെ മറ്റന്നാളാണ് ഹാജരാക്കേണ്ടത്. കേസിൽ അറസ്റ്റിലായ കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയ്‌മോൻ സണ്ണി, കട്ടപ്പന സ്വദേശി അലൻ ബോബി എന്നിവരെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌യു നേതാക്കളാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സോയ്‌മോൻ സണ്ണിയാണ് കേസിൽ ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.