കോടികള്‍ കുടിശിക വരുന്നതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും ബില്ലുകള്‍ പാസാക്കുന്നതില്‍ വലിയ കാലതാമസം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നും വിതരണക്കാര്‍ ആരോപിക്കുന്നു 

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി. തിരുവനന്തപുരത്ത് ഇരുപത് കോടിയും ആലപ്പുഴയില്‍ പതിനഞ്ച് കോടിയും കുടിശികയായതിനേത്തുടര്‍ന്നാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. കോടികള്‍ കുടിശിക വരുന്നതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് വിതരണക്കാര്‍ ആരോപിക്കുന്നു. 

സൗജന്യ ചികിത്സാ പദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നല്കുന്ന സ്റ്റെന്‍റ്, പേസ്മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ ഇവയുടെയെല്ലാം വിതരണം നിലച്ചു. ഒരാഴ്ചയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മാസം 28 മുതല്‍ തന്നെ സ്റ്റോക്ക് നൽകുന്നത് നിര്‍ത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിതരണ കമ്പനികള്‍ക്ക് 22 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആറ് കോടിയും നല്കാനുണ്ടെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ രേഖാമൂലം അറിയിച്ചത്. 

ബില്ലുകള്‍ പാസാക്കുന്നതില്‍ വലിയ കാലതാമസം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നും വിതരണക്കാര്‍ പറയുന്നു. കുടിശിക നൽകാത്തതിനാൽ കഴിഞ്ഞ ജൂണിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിതരണം നിലച്ചിരുന്നു. 

കാരുണ്യ ചികിത്സാ പദ്ധതിയുടെ തുക 2018 ജൂണ്‍ മുതലും ആര്‍എസ്ബിവൈ പദ്ധതിയുടെ തുക ഡിസംബര്‍ മുതലും കുടിശികയാണ്. ഇന്‍ഷുറസ് കമ്പനിയായ റിലയന്‍സ് തുക നല്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

കുടിശിക തീര്‍ക്കാന്‍ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും വിതരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളും കുടിശിക വരുത്തിയിട്ടുണ്ടെങ്കിലും പണം നൽകാൻ ഈ മാസം 15 വരെ വിതരണക്കാർ സമയം നൽകിയിട്ടുണ്ട്.