ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിൽ നാളെ പ്രാദേശിക അവധി. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ആലപ്പുഴ: ആലപ്പുഴയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുന്നത്. ഇവിടുത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചു.

ആവേശത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസൺ നാളെ മുതൽ നടക്കും. ലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപിക്കും. വിജയികള്‍ക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസണിന്‍റെ മൈക്രോസൈറ്റും പ്രൊമോഷണല്‍ വീഡിയോയും ടൂറിസം - പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പുറത്തിറക്കിയിരുന്നു.

ചാമ്പ്യൻസ് ബോട്ട് ലീഗ് മലബാറിലേക്കും

തെക്കന്‍ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും. മലബാര്‍ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങള്‍ക്കൊപ്പം വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലും സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കാസര്‍കോട്ട് ആദ്യമായാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്, ടൗണ്‍ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് സിബിഎല്ലില്‍ മത്സരിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

YouTube video player