വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ടി സിദ്ദിഖ് ആരോപിച്ചു.  

കൽപ്പറ്റ :വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയെ പഴിച്ച് മന്ത്രി ടി സിദ്ദിഖ്. മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ടെന്നും നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഴ മുന്നിൽ കണ്ട് ക്രമീകരണം ഒരിക്കിയില്ല. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. കാണാതായവരെ കണ്ടെത്തുന്നതിന് മുൻഗണന നൽകുന്നതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ തർക്കത്തിനില്ലെന്നും സമയമാകുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 സോണുകളാക്കി തിരിക്കുന്നതിന് ഒപ്പം കൂടുതൽ യന്ത്രങ്ങൾ എത്തിക്കും. ഏകോപനത്തിന് അരുൺ ഐഎഎസ് എത്തിയിട്ടുണ്ട് . മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക സംഘത്തിന് ചുമതല നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഊർജ്ജിതമായ തെരച്ചിൽ 

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

കാണാതായ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചിലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും.

അതേസമയം, വിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നുച്ചയോടെ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.