വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആര്‍ നടപടികളുടെ സമയക്രമം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഒരാഴ്ചത്തേക്ക് നീട്ടി. പുതിയ ഉത്തരവ് പ്രകാരം എസ്ഐആര്‍ ഫോം വിതരണം ഡിസംബര്‍ 11 വരെയും കരട് പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 16നും നടക്കും. 

തിരുവനന്തപുരം: എസ്ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എസ്ഐആർ 81 ശതമാനം അപ്‌ലോഡ് പൂർത്തിയായി. ഡിസംബർ രണ്ടിനകം തീർക്കാൻ ആയിരുന്നു പദ്ധതി. അതുപോലെ തന്നെ മുന്നോട്ട് പോകും. നഗരപരിധിയിൽ പ്രത്യേകിച്ച്, കണ്ടെത്താൻ കഴിയാത്ത വോട്ടർമാരെ കണ്ടെത്താൻ സമയം കിട്ടും. കൂടുതൽ ബിഎൽഒ ബിഎൽഎ യോഗങ്ങൾ ചേരും. ഒരാഴ്ച സമയം എസ്ഐആർ പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കാൻ ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പുതിയ വോട്ടർമാരെ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞം നടത്തും. ഫോം തിരികെ നൽകാത്തവർ ഉടൻ നൽകണം.

അവസാന നിമിഷം വരെ കാത്തിരിക്കരുത്. രണ്ട് ദിവസത്തിനകം ഫോം അപ്‌ലോഡ് പ്രക്രിയ കേരളത്തിൽ പൂർത്തിയാകും. രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക അറിയിച്ചിരുന്നു. കരട് പട്ടികയിൽ പരാതി അറിയിക്കാൻ ഒരു മാസം സമയം തന്നെ, അതിൽ മാറ്റമില്ല. എന്യുമറേഷൻ ഫോം പ്രക്രിയക്കാണ് ഒരാഴ്ച കൂട്ടി നൽകിയതെന്നും അദ്ദേഹം അറിയിച്ചു. കരട് പട്ടിക വരുമ്പോൾ പത്ത് ലക്ഷത്തോളം പേർ പുറത്തുപോകാം. 2002ലെ ലിസ്റ്റിൽ ഇല്ലെങ്കിലും പട്ടികയിൽ വരും

മാത്യു ടി തോമസ് എംഎൽഎക്ക് ഫോം നൽകിയാലും കരട് പട്ടികയിൽ വരും. അദ്ദേഹത്തിന് വോട്ട് നഷ്ടപ്പെടും എന്ന് ആശങ്ക വേണ്ട. തിരിച്ചറിയൽ രേഖ ഉണ്ടെങ്കിൽ വോട്ട് നഷ്ടമാകില്ല. ജില്ലാ കളക്ടർ ഇത് പരിശോധിക്കുന്നുണ്ട്. സമയം നീട്ടിക്കിട്ടിയില്ലെങ്കിലും പൂർത്തിയാക്കാമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് കരട് പട്ടിക വരുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എസ്ഐആര്‍ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണന് അയച്ച ഉത്തരവാണ് പുറത്തുവന്നത്.