കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്തു. സോഷ്യൽ മീഡിയയെ കോടതിയായി കാണരുതെന്നും ഇത്തരം വിചാരണകൾ യഥാർത്ഥ ഇരകൾക്ക് നീതി നിഷേധിക്കാൻ കാരണമാകുമെന്നും എഴുത്തുകാരി സൗമ്യ സരിൻ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്: പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും സോഷ്യൽ മീഡിയ ഉൻഫ്ലുവൻസറുമായ സൗമ്യ സരിൻ. സോഷ്യൽ മീഡിയ എന്നത് ഒരു കോടതിയോ നിയമസംവിധാനമോ അല്ലെന്നും ഇവിടെയുള്ള വിധികൾക്ക് ജീവന്റെ വിലയുണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അവർ ഓർമ്മിപ്പിച്ചു.

വീഡിയോ എന്തിനായിരിക്കണം? തനിക്ക് നേരെ അതിക്രമം നടന്നാൽ ആർക്കും വീഡിയോ പകർത്താം. എന്നാൽ അത് തെളിവിനായി മാത്രം ഉപയോഗിക്കണം. മറിച്ച് അത് പരസ്യമായി പോസ്റ്റ് ചെയ്താൽ ആ വ്യക്തിയുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടുമെന്ന് സൗമ്യ സരിൻ കുറിച്ചു. ഇത്തരത്തിലുള്ള വ്യാജമായോ അതിശയോക്തി കലർത്തിയോ ഉള്ള വീഡിയോകൾ പ്രചരിക്കുന്നത് നാട്ടിൽ യഥാർത്ഥത്തിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതിയെ ബാധിക്കും. ഇത്തരം കേസുകൾ കൂടുമ്പോൾ യഥാർത്ഥ അതിക്രമങ്ങൾ പോലും സംശയമുനയിലാകുമെന്നും ഇത് വേട്ടക്കാർക്ക് സൗകര്യമാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടാൽ ഉടൻ വധശിക്ഷ വരെ വിധിക്കുന്ന പ്രവണതയുണ്ട്. ആ വീഡിയോയിലുള്ള വ്യക്തി എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്ന് ആരും ആലോചിക്കാറില്ല. നിങ്ങൾക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. അന്വേഷണം നടക്കട്ടെ. അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി? എന്നിട്ട് ഇപ്പോൾ നിങ്ങൾക്കിപ്പോൾ നീതി കിട്ടിയോ?" എന്ന് യുവതിയോടായി സൗമ്യ സരിൻ ചോദിക്കുന്നു.

പയ്യന്നൂർ ബസിൽ വെച്ച് ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യുവതിയുടേത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ 7 വർഷമായി ജോലി ചെയ്തിരുന്ന ദീപക്കിനെതിരെ ഇതുവരെ മറ്റ് പരാതികളൊന്നും ഉണ്ടായിട്ടില്ല. കേസിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.