CPIM : കോഴിക്കോട്ടും പാലക്കാട്ടും സിപിഎം ഏരിയാ സമ്മേളനങ്ങളിൽ നാടകീയ നീക്കങ്ങൾ; പ്രമുഖർ തോറ്റു
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റു. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി കമ്മിറ്റിയില്‍ നിന്നും പുറത്തായി.

കോഴിക്കോട്: കോഴിക്കോട്ടും പാലക്കാട്ടും സിപിഎം (CPIM) ഏരിയാ സമ്മേളനങ്ങളിൽ നാടകീയ നീക്കങ്ങൾ. പേരാമ്പ്ര ഏരിയ സമ്മേളനത്തിൽ മത്സരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ പ്രമോദ്, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം അജീഷ് കൈതയ്ക്കൽ, പി കെ എസ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി എം ബാബു എന്നിവർ തോറ്റു. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു.
എസ്എഫ്ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ്മാന്‍ അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍ മന്ദം ഏരിയാ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്. ഏരിയാ കമ്മിറ്റിയുടെ പാനലില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, രാമകൃഷ്ണൻ, ഷൈജു എന്നിവര്‍ അബ്ദുറഹ്മാന്‍ അനുകൂലികളാണ്.
ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പി കെ ശശി പക്ഷം സര്‍വാധിപത്യം നേടി. ഔദ്യോഗിക പാനലില്‍ മത്സരിച്ച 13 പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്‍റ് ഇ ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.
അതേസമയം സംസ്ഥാനത്ത് ആദ്യമായി സിപിഎം ഏരിയാ സെക്രട്ടറിയായി ഒരു വനിതയെ തെരഞ്ഞെടുത്തു. വയനാട് മീനങ്ങാടി ഏരിയ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെയാണ് തെരഞ്ഞെടുത്തത്. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയാണിതെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ചതാണ് മീനങ്ങാടി ഏരിയാ കമ്മിറ്റി.
എന്‍ പി കുഞ്ഞുമോള്‍ നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2001ല്‍ പാര്‍ട്ടി അംഗമായ ഇവര്‍ അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം, ബത്തേരി ഏരിയാ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ്.