എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ച് കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ് എഫ് ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് കന്‍റോൺമെന്‍റ് എസ് ഐ ഗോകുൽ ഗോപന്‍റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്. ഡി വൈ എഫ് ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. മാർച്ച് ഗോകുൽ ഗോപാലിന്‍റെ വീടിനുമുന്നിൽ പൊലീസ് തടഞ്ഞു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ് എഫ് ഐ നേതാവിനെ, ഗോകുൽ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ എസ് എഫ് ഐ, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്.

വിവാദമായി ഓഡിയോ സന്ദേശം

തലസ്ഥാനത്തെ സംഘർഷങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ കൻറോൺമെന്‍റ് എസ് ഐ ഗോകുൾ ഗോപാൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടുമെന്നും ആഭ്യന്തരമന്ത്രി സംസാരിച്ചത് കൊണ്ടാണ് അറസ്റ്റ് നിർത്തിവെച്ചതെന്നും എസ് ഐയുടെ ഓഡിയോയിലുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയാണ് തലസ്ഥാനത്ത് സി പി എം - പൊലീസ് ബന്ധം വഷളായത്. പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചതിന് പിന്നിൽ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറും എസ് ഐ ജി ഗോകുലുമെന്നാണ് സി പി എമ്മിന്‍റെയും എസ് എഫ് ഐയുടെയും പരാതി. എസ്ഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ പാർട്ടിനേതാക്കളുടെ മുന്നറിയിപ്പ് പോസ്റ്റുകൾ ഉയർന്നിരുന്നു. എസ് ഐയുടെ വീട്ടിലേക്ക് എസ് എഫ് ഐ മാർച്ചും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. ഓഡിയോയ വിവാദമായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ നിർദ്ദേശം നൽകിയത്. എസ് ഐയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടി. ഉടൻ നടപടിയെടുക്കാനാണ് നീക്കം. കഴിഞ്ഞദിവസം എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം നേതാക്കൾ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.