കോട്ടയത്തെ പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥി പി സി ജോർജിന് വോട്ട് നേടാനായി പണം നൽകിയെന്ന് ആരോപണം. ബിജെപി മണ്ഡലം ഭാരവാഹി മുഹമ്മദ് ഷാജി പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.
കോട്ടയം: കോട്ടയത്തെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകിയെന്ന് ആരോപണം. ബിജെപി മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നൽകുന്നതെന്നാരോപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അരുവിത്തറയിലെ ഒരു വീട്ടിൽ പണം നൽകിയെന്നാണ് ഡിവൈഎഫ്ഐ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും ഇടത് മുന്നണി പരാതി നൽകി. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബിജെപി സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിനെ ജയിപ്പിക്കാൻ പണം നൽകി എന്നാണ് ഡിവൈഎഫ്ഐ ആരോപണം.

ഇതിനിടെ തൃശൂര്‍ ജില്ലയിൽ വീണ്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്നും ആരോപണം ഉയര്‍ന്നു. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.


