മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇഡി കേസെടുത്തു. ആന്റോ അഗസ്റ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇസിഐആർ ചെയ്തത്.

കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്തത്. പൊലീസ് കേസിന് പിന്നാലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് ഇഡിയുടെ നീക്കം.

എസ്ഐടിക്ക് പിന്നാലെയാണ് ഇഡിയും കേസെടുത്ത് അന്വേഷിക്കുന്നത്. മെസ്സിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്താണ്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ എന്നിവ ഇഡി അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കരാർ ഇല്ലാതെ വിട്ടു നൽകിയതിലെ സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കും. സാധാരണ സ്റ്റേഡിയം വിട്ടു നൽകുമ്പോൾ 5 കോടി കരുതൽ ധനം നൽകണം എന്ന ചട്ടം ലംഘിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി സംശയിക്കുന്നത്.

വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ ഇഡി നേരത്തെ നടപടി തുടങ്ങിയിരുന്നു. എന്നാൽ പിഎംഎൽഎ പ്രകാരം കേസ് എടുത്തതിനാൽ ആർബിസി ഓഫീസിൽ പരിശോധനയ്ക്കും ആർബിസി എംഡി ആന്റോ അഗസ്റ്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യത ഉണ്ട്. നേരത്തെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ആർബിസി ഓഫീസിലെ റെയ്ഡിൽ ഡോളർ അടക്കം വിദേശ കറൻസി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം പറയാൻ ആന്റോക്ക് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പൊലിസ് ഇഡിക്ക് കൈമാറിയിരുന്നു.

YouTube video player