കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവർ രാജേഷിന്റെ മരണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വിശദീകരിച്ച് എലത്തൂർ സിപിഎം ലോക്കൽ സെക്രട്ടറി സുധീഷ്. രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരിൽ മൂന്ന് പേർ മാത്രമേ സിപിഎം പ്രവർത്തകരായിട്ടുള്ളൂ. അവർക്കെതിരെ നടപടിയെടുക്കില്ലെന്നും സുധീഷ് വ്യക്തമാക്കി.

ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സിഐടിയു അംഗമായാൽ മാത്രമെ എലത്തൂർ സ്റ്റാന്റിൽ ഓട്ടോയിടാനാകൂവെന്ന് പറഞ്ഞിട്ടില്ല. മർദ്ദനം നേരത്തെയുണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണെന്നും സുധീഷ് പറഞ്ഞു.

Read More; സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി അനുഭാവിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യ ശ്രമിക്കുകയായിരുന്നു. ​ഗുരുതര​മായി പൊള്ളലേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. 15 പേ‌ർ ചേ‌ർന്നാണ് രാജേഷിനെ മ‌‌‌‌ർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More; എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; അറസ്റ്റിലായവരുടെ എണ്ണം ആറായി

കേസിൽ ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ മുരളി, സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസി, സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു, റിഷാജ്, മുഹമ്മദ് നാസിക് എന്നിവരാണ് അറസ്റ്റിലായത്. മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.