നിയമപോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്ക് സാധ്യതയേറുന്നു. അന്തര്‍ സംസ്ഥാന വൈദ്യുതി പ്രസരണ നിരക്ക് കൂട്ടിയ സാഹചര്യത്തിലാണിത്. പവര്‍ഗ്രിഡ് കോര്‍പറേഷന്‍റെ ഉത്തരവിനെതിരായ കെഎസ്ഇബിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

അന്തര്‍ സംസ്ഥാന വൈദ്യുതി ലൈനുകളുടെ പ്രസരണ നിരക്ക് അവ കടന്നുപോകുന്ന സംസ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ഇതില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ വരുത്തിയ മാറ്റമാണ് കേരളത്തിന് തിരിച്ചടിയായത്. ഉപയോഗിക്കാത്ത ലൈനുകളുടെ ശേഷിയുടെ ചിലവ് എല്ലാ സംസ്ഥാനങ്ങളും കൂടി വീതം വെക്കണം. കേരളത്തിലാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഹവും അന്തര്‍സംസ്താന ലൈനുകളിലൂടെയാണ് വരുന്നത്. ലൈന്‍ ശേഷി പൂര്‍ണ്ണമായും വിനയോഗിക്കാത്ത സംസ്ഥാനങ്ങളുടെ വിഹിതവും കൂടി കേരളം നല്‍കേണ്ട സ്ഥിതിയാണ് നവംബര്‍ 1 ന് നിലവില്‍ വന്നത്.

പ്രസരണ ചാര്‍ജ്ജിലെ മാറ്റം വന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെഎസ്ഇബി പവര്‍ഗ്രിഡ് കോര്‍പ്പറേഷന് 1000 കോടിയോളം നല്‍കേണ്ടി വരും. ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോള്‍ യൂണിറ്റിന് 50 പൈസയെങ്കിലും വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും. ഇതൊഴിവാക്കാന്‍ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി.

ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയർമാന്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. നിയമപോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാകും.