ആനയോട്ടത്തിലെ താരമായി അറിയപ്പെട്ട കൊമ്പന്‍ ആനത്താവളത്തിലെ കെട്ടും തറിയില്‍ ചരിഞ്ഞു.
തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടത്തിലെ പേരെടുത്ത ഓട്ടക്കാരന്‍ കൊമ്പന്‍ ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. ആനയോട്ടത്തിലെ താരമായി അറിയപ്പെട്ട കൊമ്പന്‍ ആനത്താവളത്തിലെ കെട്ടും തറിയില്‍ ചരിഞ്ഞു. ആനത്താവളത്തിലെ കെട്ടുംതറിയില്‍ കുഴഞ്ഞ് വീണായിരുന്നു അന്ത്യം. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം തെക്കേപ്പറമ്പിലെ കെട്ടുംതറിയില്‍ മദപ്പാടില്‍ തളച്ചതായിരുന്നു. ജൂണ്‍ രണ്ടാം വാരത്തില്‍ നീരില്‍ നിന്ന് അഴിക്കാനിരുന്നതാണ്. കൊമ്പന് കാര്യമായ അസുഖങ്ങള്‍ ഒന്നുമു ണ്ടായിരുന്നില്ല. രണ്ടുദിവസമായി തീറ്റയെടുക്കാന്‍ മടി കാണിച്ചിരുന്നു. മദപ്പാടിലായതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
പുലര്‍ച്ചെ രണ്ടു മണിയോടെ ആന കരച്ചില്‍ തുടങ്ങി. ദേവസ്വം വെറ്റിറിനറി ഡോക്ടര്‍ ചാരുജിത്ത് നാരായണന്റെ നേതൃത്വത്തില്‍ മരുന്ന് നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. നാലുമണിയോടെ കുഴഞ്ഞു വീഴുകയും 4.10 ന് അന്ത്യം സംഭവിക്കുമായിരുന്നു. ദേവസം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജഡം കോടനാട്ടേക്ക് കൊണ്ടുപോയി. കോടനാട് വനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും. തൃശൂരിലെ പ്രമുഖ വ്യവസായി ഗോപു നന്ദിലത്താണ് 2001 സെപ്റ്റംബര്‍ മൂന്നിന് ഗോപി കണ്ണനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ടത്തില്‍ 9 തവണ ജേതാവായിട്ടുണ്ട്. ഗോപീകണ്ണന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 36 ആയി ചുരുങ്ങി.


