സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു.

ആലപ്പുഴ: സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഇന്നലെ വൈകീട്ടാണ് സംഭവം. തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ജീവനക്കാരൻ എത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിൽ വലിച്ചിഴച്ചത്. ​ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്. നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തലവടി സ്വദേശിയായ ഇയാൾ എന്തിനാണ് മാന്നാറിൽ സാധനം വാങ്ങാനെത്തിയതെന്നും നാട്ടുകാർ ചോദിക്കുന്നു. ഇയാൾ മദ്യപിച്ചാണ് സ്ഥാപനത്തിലെത്തിയതെന്ന് ജീവനക്കാരികൾ പറഞ്ഞു.