നാളെ കൊച്ചിയിൽ ഹാജരാകാൻ നിർദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് ഇഡി ശ്രമം.
കൊച്ചി :
ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്‍റെ നിസഹകരണം പൊളിക്കാൻ ഇഡി നീക്കം തുടങ്ങി. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം സ്വപ്നയ്ക്കായി സംയുക്ത ലോക്കർ തുറന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ ചോദ്യം ചെയ്യുന്നു. കേസിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തന്‍റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്നയുടെ മൊഴി.
മൂന്ന് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപയെക്കുറിച്ച് ശിവശങ്കർ ഒരു വാക്കും ഉരിയാടിയിട്ടില്ല. ശിവശങ്കറിന്‍റെ അറസ്റ്റ് ലൈഫ് മിഷൻ കരാറിലൂടെ ലഭിച്ച കോഴപ്പണം സ്വപ്നയുടെ കള്ളപ്പണമായി സൂക്ഷിച്ചതിനാണ്. അതിനാൽ ശിവശങ്കറിന്‍റെ മൗനം അവസാനിപ്പിക്കാതെ തെളിവുകൾ കിട്ടില്ല. ഇതിനാണ് ശിവശങ്കറിന്‍റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്‍റുമായി വേണുഗോപാലിനെ ചോദ്യം ചെയ്യാൻ വിളിച്ചത്.
ശിവശങ്കർ പറഞ്ഞതനുസരിച്ച് വേണുഗോപാലാണ് കോഴപ്പണം സൂക്ഷിക്കാൻ തന്‍റെയും വേണുഗോപാലിന്‍റെയും പേരിൽ സംയുക്ത ലോക്കർ തുറന്നതെന്നാണ് സ്വപ്നയുടെ മൊഴി. അക്കൗണ്ട് തുടങ്ങിയതിന് ശേഷം വേണുഗോപാൽ ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റ് ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ പണമിടപാട് സംസാരവുമുണ്ട്. എന്നാൽ ശിവശങ്കർ പറയുന്നത് ഒന്നും അറിയില്ലെന്നാണ്. ഇതാണ് ഇഡിയെ കുഴപ്പത്തിലാക്കുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്ന് ഇഡി കണക്ക് കൂട്ടുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി രാവിലെ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ ഇഡി ഓഫീസിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
ലൈഫ് മിഷൻ കോഴ: ശിവശങ്കറിന് കിട്ടിയത് ഒരു കോടിയും മൊബൈൽ ഫോണുമെന്ന് ഇഡി
2019 ആഗസ്റ്റ് 1 നാണ് യൂണിടാക് ഉടമ കോൺസുലേറ്റിൽ നിന്ന് ലഭിച്ച 7.5 കോടി രൂപയുടെ അഡ്വാൻസ് തുകയിൽ നിന്ന് മൂന്ന് കോടി 38 ലക്ഷം പിൻവലിക്കുന്നത്. പണം പിൻവലിച്ചതിന് പിറകെ തിരുവനന്തപുരം കവടിയാറിലേക്ക് എത്താൻ സ്വപ്ന സന്തോഷ് ഈപ്പനോട് പറഞ്ഞിരുന്നു. ഈ ഇടപാടിന് ഒരു ദിവസം മുൻപ് ശിവശങ്കറും സ്വപ്നയും നടത്തിയ ചാറ്റും ശിവശങ്കറിന്‍റെ കോഴ ഇടപാടിലെ തെളിവുകളാണ്. എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സ്വപ്ന നേരിട്ട് ഇടപെടേണ്ട, എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം നിന്‍റെ തലയിലാകും എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മുഖ്യമന്ത്രി സ്വപ്നയ്ക്ക് ജോലി ശരിയാക്കണമെന്ന് തന്നോട് പറഞ്ഞതായും ശിവശങ്കർ പറയുന്നുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്ദശിച്ചതെന്ന് ശിവശങ്കർ തിരുത്തി.
ലൈഫ് മിഷൻ ഇടപാടിൽ കൂടുതൽ പേരുടെ പങ്കിന് വ്യക്തത തേടി ഇഡി, എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു

