രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാർ. എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചി: തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാം. തൃക്കാക്കരയിൽ ട്വന്‍റി ട്വന്‍റി രാഷ്ട്രീയ നിലപാട് പറയട്ടെയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാരെന്നും എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തൃക്കാക്കരയിൽ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. എല്ലാവരും ഉറ്റുനോക്കുന്നത് ആം ആദ്മി പാർട്ടി- ട്വന്റി -20 സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടാണ്. തൃക്കാക്കരയിൽ മുന്നണി ആരെയെങ്കിലും പിന്തുണക്കുമോ അതോ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമോയെന്നും ഇന്ന് പ്രഖ്യാപിച്ചേക്കും. ട്വന്റി ട്വന്റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. 

'ആപ്-ട്വന്‍റി ട്വന്‍റി സഖ്യം കോണ്‍ഗ്രസിന് ഭീഷണിയല്ല, പുതിയ മുന്നണികൾ വരുന്നത് സ്വഭാവികം': സുധാകരന്‍

അതേ സമയം, ഇടതുപക്ഷം അടുത്ത ഘട്ട പ്രചാരണം തുടങ്ങി. ഡോ. ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും. ചിന്തൻ ശിബിരം കഴിഞ്ഞു നേതാക്കൾ മടങ്ങി എത്തിയതോടെ കോൺഗ്രസ് ക്യാമ്പും കൂടുതൽ സജീവമാകും. സംസ്ഥാന നേതാക്കൾ എല്ലാം ഇനി തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. ഉമ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്. എൻഡിഎയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

നാലാം മുന്നണി, രാഷ്ട്രീയ ബദൽ 

നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപിൻ്റേയും ട്വന്‍റി ട്വന്‍യുടേയും ശ്രമം. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി എന്ന പ്രാദേശിക കൂട്ടായ്മ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കളഞ്ഞത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും നിഷ്പ്രഭരാക്കിയായിരുന്നു ട്വന്‍റി ട്വന്‍റിയുടെ കിഴക്കമ്പലം വിജയം. 2020 ലേക്കെത്തിയപ്പോള്‍ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കും വിജയം വ്യാപിപ്പിക്കാന്‍ ട്വന്‍റി ട്വന്‍റിക്ക് കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച വോട്ടു മുന്നേറ്റമുണ്ടാക്കാനും ട്വന്‍റി ട്വന്‍റിക്കായതോടെയാണ് എ‍ല്‍ഡിഎഫിനും യുഡിഎഫിനും എതിരെയൊരു ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന ചിന്ത തന്നെ ഉയര്‍ന്നത്. കാര്യമായി സംഘടനാ സംവിധാനമില്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാന്‍ അരവിന്ദ് കെജ്രിവാളിനെ പ്രേരിപ്പിച്ചതും ട്വന്‍റി ട്വന്‍റി മുന്നേറ്റമാണ്.