കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണ സജ്ജമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. പരിശോധന സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും വിമാനത്താവളത്തിലെ ജീവനക്കാരുടേയും ആരോഗ്യപ്രവർത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രവാസികളുടെ മടങ്ങിവരവിന് തിരുവനന്തപുരം വിമാനത്താവളവും സജ്ജമായി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സവിശേഷത.

ഒന്നരമാസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഇന്ന് മുതൽ പ്രവാസികൾ കേരളത്തിലേക്ക് എത്തുന്നത്. രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലേത്തുക. ഇരുവിമാനങ്ങളിലുമായി 359 പേരാവും ഇന്ന് നാട്ടിലെത്തുക. പുതുക്കിയ ഷൈഡ്യൂൾ അനുസരിച്ച് രാത്രി 9.40 ന് അബുദാബിയിൽ നിന്നുള്ള വിമാനം 179 യാത്രക്കാരുമായി കൊച്ചിയിലേക്കും ദുബായിയിൽ നിന്നുള്ള വിമാനം 180 ലേറെ യാത്രക്കാരുമായി കോഴിക്കോടേക്കും എത്തും. മലപ്പുറം ജില്ലയിലേക്കാണ് കൂടുതൽ പേരെത്തുന്നത്.

ഏഴ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പതിന‌ഞ്ച് വിമാന സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇതിൽ 3000 ഓളം മലയാളികൾ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുമെന്നാണ് കണക്കുകൾ. നെടുമ്പാശ്ശേരയിയിൽ നിന്ന് ഉച്ചയ്ക്ക് 12. 30 ഓടെ രണ്ട് വിമാനങ്ങൾ യുഎഇയിലേക്ക് തിരിക്കും. 9. 40 ഓടെ അബുദാബി വിമാനമാകും സംസ്ഥാനത്ത് ആദ്യമെത്തുക. 10.30- ഓടെ ദുബായ് വിമാനം കോഴിക്കോട് എത്തുമെന്ന് കണക്കാക്കുന്നത്. വിമാനത്താവള പരിസരത്ത് മാധ്യമങ്ങൾക്കടക്കം കർശന വിലക്കുണ്ട്.

Also Read: ഒടുവിൽ നാടിൻ്റെ കരുതലിലേക്ക് പ്രവാസികൾ, യുഎഇയിൽ നിന്നും മാത്രം 6500 ഗർഭിണികൾ