സിപിഎം ജനപ്രതിനിധികൾ കൃത്യമായി ലെവി നൽകാറുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അത് കോൺഗ്രസിൻ്റെ ജനപ്രതിനിധികളും മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ്
കൊച്ചി: സിപിഎം മാതൃകയിൽ എറണാകുളം ജില്ലയിലെ എംഎൽഎമാരും എംപിമാരും അവർക്ക് ലഭിക്കുന്ന ഓണറേറിയത്തിൻ്റെ ഒരു വിഹിതം പാർട്ടിക്ക് നൽകണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്തരിച്ച കോൺഗ്രസ് നേതാവ് ജോർജ് ഈഡൻ്റെ അനുസ്മരണ ചടങ്ങിലാണ് എറണാകുളം ഡിസിസി പ്രസിഡൻ്റ് ഈ ആവശ്യം ഉന്നയിച്ചത്. മുൻപ് ജോർജ് ഈഡൻ ഇങ്ങനെ തുക പാര്‍ട്ടിക്ക് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. സിപിഎം ജനപ്രതിനിധികൾ കൃത്യമായി ലെവി നൽകാറുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അത് കോൺഗ്രസിൻ്റെ ജനപ്രതിനിധികളും മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
ഈ ആവശ്യം യോഗത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അംഗീകരിച്ചു. താൻ എല്ലാ മാസവും എറണാകുളം ഡിസിസിക്ക് ഇനി മുതൽ ഒരു വിഹിതം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പാർട്ടിക്ക് തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു വിഹിതം നൽകണം. തുക പറയുന്നില്ല, അത് അവരവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
