തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് മുൻ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹൻദാസ് ഐഎഎസ്. ഭാര്യാ സഹോദരൻ കെ ബി ഗണേഷ് കുമാറിന് രണ്ടിടത്ത് വോട്ടുണ്ടെന്നും ആരോപണം.
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരില്ലെന്ന പരാതിയുമായി മുൻ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹൻദാസ് ഐഎഎസ്. കഴിഞ്ഞ തവണ കൊട്ടാരക്കരയിൽ വോട്ട് ചെയ്ത തന്‍റെ പേര് ഇപ്പോൾ പട്ടികയിൽ ഇല്ലെന്നാണ് ഫേസ് ബുക് കുറിപ്പിൽ മോഹൻദാസ് പറഞ്ഞത്. ഓൺലൈൻ വഴി അപേക്ഷിച്ചിട്ടും പേര് ഇല്ലെന്നാണ് പരാതി. തനിക്ക് വോട്ടില്ലെങ്കിലും ഭാര്യാ സഹോദരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് രണ്ടിടത്ത് വോട്ടുണ്ടെന്ന വിമർശനവും പോസ്റ്റിലുണ്ട്. പേരില്ലെങ്കിലും സാങ്കല്പികമായി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണക്ക് വോട്ട് ചെയ്യുമെന്നും മോഹൻദാസ് സൂചിപ്പിച്ചു. അധികാരമുള്ളവർ വൈഷ്ണയുടെ വോട്ട് വെട്ടാൻ ശ്രമിച്ചത് കൊണ്ടാണിതെന്നാണ് വിമർശനം
കുറിപ്പിന്‍റെ പൂർണരൂപം
"എന്‍റെ വോട്ട് എവിടെ പോയി?
നാട്ടിലെ പൊതു പ്രശ്‍നം ജനത്തെ വലയ്ക്കുന്ന സർ ആണല്ലോ - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എസ്ഐആർ പരിപാടി. ഞാനും അതുമായി മല്ലിട്ടുകൊണ്ടിരിക്കുന്നു. പക്ഷെ ഇപ്പോഴത്തെ എന്‍റെ പ്രശ്‍നം അതല്ല. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നു. മഷി ഇടാതെ നോക്കിയിട്ട് എന്‍റെ പേര് വോട്ടർ പട്ടികയിൽ കാണാനില്ല. മഷി ഇട്ട് നോക്കുന്ന ഏർപ്പാട് അറിഞ്ഞും കൂടാ. ഒന്ന് മനസ്സിലായി. വോട്ട് അവകാശമല്ല; പട്ടിക തയ്യാറാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ തരുന്ന ഔദാര്യമാണ്.
സാധാരണ താമസിക്കുന്ന സ്ഥലത്ത് വേണം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ. താമസ സ്ഥലം ഇടക്കൊക്കെ മാറേണ്ടി വരുന്നത് കൊണ്ട് റിട്ടയർമെന്റിനു ശേഷം സ്ഥിരതാമസമെന്ന് കരുതിയ കൊട്ടാരക്കരയിലാണ് വോട്ടുണ്ടായിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. പക്ഷെ എന്‍റെ സ്ഥാനാർഥി ഒരു വോട്ടിന് തോറ്റു. എന്‍റെ വോട്ടിന്‍റെ വില മനസ്സിലായത് അന്നാണ്. ഞാൻ വോട്ട് ചെയ്തില്ലായിരുന്നെങ്കിൽ മാർജിൻ ഇരട്ടി ആയേനെ - ഒന്നിൽ നിന്ന് രണ്ടിലേക്ക്.
തിരുവനന്തപുരത്തു സ്ഥിരമായപ്പോൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് വോട്ട് അവിടേക്ക് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിലും അങ്ങനെ ചെയ്യാൻ കൊട്ടാരക്കരയിലെ വോട്ടർ പട്ടിക നോക്കി. കൊട്ടാരക്കര ഒരു വികാരമായി കൊണ്ട് നടക്കുന്ന ഭാര്യ ഉഷയുടെ പേര് ഉണ്ട്. മുപ്പത് വർഷം മുൻപ് ഇന്നത്തെ പഞ്ചായത്ത് മുനിസിപ്പൽ നിയമങ്ങൾ കഷ്ടപ്പെട്ട് തയാറാക്കിയ ഞാൻ പുറത്ത്. പേര് ചേർക്കാൻ ഓൺലൈൻ അപേക്ഷ ഇട്ടു. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല. എനിക്ക് വോട്ടില്ലെങ്കിലും കുടുംബത്തിന് മൊത്തത്തിൽ നഷ്ടമില്ല. ഭാര്യാ സഹോദരൻ കെ ബി ഗണേഷ് കുമാറിന് രണ്ട് വോട്ട് കൊടുത്തിട്ടുണ്ട് - കൊട്ടാരക്കരയിലും പത്തനാപുരത്തും.
കേന്ദ്ര വോട്ടർ പട്ടികയിൽ പേരില്ലാത്തതിന് ഗ്യാനേഷ് കുമാറിനെയും നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്‍റെ ഫലം ബീഹാറിൽ കണ്ടല്ലോ. സംസ്ഥാന പട്ടികയിൽ പേരില്ലാത്തതിന് ഷാജഹാനെയും പിണറായി വിജയനെയും കുറ്റപ്പെടുത്തുന്ന വിഡ്ഢിത്തത്തിന് ഞാനില്ല. ഈ ജോലി ചെയ്യുന്ന പ്രാദേശിക ഉദ്യോഗസ്ഥരുടെ കൃത്യതയും ഞാനുൾപ്പെടെയുള്ള വോട്ടർമാരുടെ ജാഗ്രതയുമാണ് വേണ്ടത്.
ഡിസംബർ 9 ന് പോളിംഗ് നടക്കുമ്പോൾ ഉഷ കൊട്ടാരക്കരയിൽ വോട്ട് ചെയ്യും. എന്‍റെ വോട്ട് ഒരു മിത്താണ്. സാങ്കൽപ്പികം. സങ്കൽപ്പത്തിന് അതിരില്ലാത്ത സ്വാതന്ത്ര്യം ഉണ്ടല്ലോ. അതുകൊണ്ട് ഞാൻ തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടട വാർഡിൽ വോട്ട് ചെയ്യും. വൈഷ്‌ണ എന്ന പെൺകുട്ടിക്ക്. അധികാരമുള്ളവർ അതിക്രമം കാട്ടി പട്ടികയിൽ നിന്ന് പേര് വെട്ടിയ ദുരനുഭവത്തിലൂടെ കടന്നു പോയവൾ. അധികാരം കൊണ്ട് ജനത്തെ തോൽപ്പിക്കാൻ കഴിയരുത് എന്ന സന്ദേശം നൽകാൻ.



