ഗൾഫിലെ സംഘർഷാവസ്ഥയും കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്കും കാരണം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്താൻ പ്രവാസികൾക്ക് പ്രതിസന്ധികളേറെയാണ്. മുൻകാലങ്ങളിലെ 'വോട്ട് വിമാന' പദ്ധതികൾ സജീവമല്ലാത്തതും തിരികെ പോകാനാകുമോ എന്ന ആശങ്കയും പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് പ്രവാസലോകത്തും പ്രതിഫലിക്കാറുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും നാട്ടിലെത്തി വോട്ട് കുത്താൻ പ്രവാസികളും വോട്ട് ഉറപ്പാക്കാൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കച്ചകെട്ടി രംഗത്ത് ഇറങ്ങാറുണ്ട്. മുൻകാലങ്ങളിലെല്ലാം വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നതിനായി ചാർട്ടർ വിമാനങ്ങള്‍ ക്രമീകരിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാലം ഗൾഫിൽ അനിശ്ചിതത്വത്തിന്‍റെയും ആശങ്കളുടെയും കാലം കൂടിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് തുടങ്ങിയ ഇസ്രയേൽ അമേരിക്ക- ഇറാൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ വിമാന സർവീസുകളും പ്രതിസന്ധിയിലായി. നാട്ടിലെത്തി വോട്ട് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമാണ്. വിമാന സർവീസുകളുടെ പരിമിതി, കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക്, നാട്ടിലെത്തിയാൽ തിരികെ മടങ്ങാനാകുമോയെന്ന ആശങ്ക, ജോലിയെ ബാധിക്കുമോയെന്ന പേടി...ഇങ്ങനെ ഇക്കുറി വോട്ട് മോഹം മനസ്സിൽ തന്നെ ഒതുക്കാൻ പ്രവാസികള്‍ക്ക് കാരണങ്ങളേറെയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കുറ്റ്യാടി മണ്ഡലത്തിലാണ്, 16,002 വോട്ടര്‍മാര്‍. തൊട്ടുപിന്നാലെ നാദാപുരവും തിരൂരും കല്യാശ്ശേരിയും കൂത്തുപറമ്പും. ആയിരത്തിലേറെ പ്രവാസി വോട്ടർമാരുള്ള മണ്ഡലങ്ങള്‍ 47 എണ്ണം. നേരിയ ഭൂരിപക്ഷം വിജയികളെ നിർണയിക്കുന്ന മണ്ഡലങ്ങളില്‍ കടൽ കടന്നെത്തുന്ന പ്രവാസി വോട്ടുകള്‍ നിർണായകമാകുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ വിവിധ മുന്നണികൾക്കും ഇക്കുറി ആശങ്കയേറും.
സാധാരണക്കാരായ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്തുക എന്നത് ഇത്തവണ വലിയ സാമ്പത്തിക ബാധ്യതയാണ്. താങ്ങാനാകാത്ത വിമാന ടിക്കറ്റ് നിരക്കാണ് വലിയ കടമ്പ. നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങണമെങ്കില്‍ കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വേണം. മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘടനകൾ മുൻകൈ എടുത്ത് നടത്തിയിരുന്ന 'വോട്ട് വിമാന' പദ്ധതികൾ ഇത്തവണ സജീവമല്ല. കൂടിയ നിരക്ക് കാരണം ഇത്തരം നീക്കങ്ങളിൽ നിന്ന് സംഘടനകളും പിൻമാറുകയാണ്.
ഏപ്രിൽ മാസത്തിൽ നിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരുന്നതിനാൽ വോട്ട് ലക്ഷ്യമിട്ട് നേരത്തെ അവധി അപേക്ഷിച്ച പലരും യാത്രകൾ ഉപേക്ഷിച്ചു കഴിഞ്ഞു. മെയ് മാസത്തിൽ നിരക്ക് കുറയുമ്പോൾ ഫലം അറിയാനെങ്കിലും നാട്ടിലെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ. വോട്ട് ചെയ്യാൻ കൂട്ടമായി എത്തിയിരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ഇക്കുറി നാട്ടിലേക്ക് എത്താനാകില്ലെന്ന് ഉറപ്പിച്ച സാഹചര്യം പോളിംഗ് ശതമാനത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.


