Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

മുൻ ഡിജിപിയെന്ന നിലയിൽ കേസെടുക്കാൻ സെൻകുമാര്‍ സമ്മര്‍ദ്ദം ചെലുത്തിക്കാണും. സെൻകുമാറിനെ കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസിലായോ എന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി 

fake case against media persons  pinarayi vijayan seek explanation to dgp
Author
Trivandrum, First Published Feb 3, 2020, 10:49 AM IST

തിരുവനന്തപുരം: ടിപി സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. കള്ളക്കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ഡിജിപിക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പൊലീസ് നടപടി അസാധാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

പൊലീസ് നിലപാടിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിന്‍റെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉള്ളത്. അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ചിലയിടത്ത് പൊലീസിന് ആവേശവും മറ്റു ചിലയിടത്ത് മെല്ലെപ്പോക്കും ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി ശ്രദ്ധയിൽ പെട്ടെന്നും അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്. 

തുടര്‍ന്ന് വായിക്കാം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: ഒന്നും അറിയില്ലെന്ന് ഡിജിപി...

തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടിപി സെൻകുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര്‍ കടവിൽ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ  ടിപി സെൻകുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്. 

അങ്ങേ അറ്റം വിചിത്രമാണ് പൊലീസ് നടപടിയാണെന്നും കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രസ്ക്ലബിൽ പോലും പിജി സുരേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

തുടര്‍ന്ന് വായിക്കാം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും; പത്രപ്രവർത്തക യൂണിയൻ മുഖ്യ...
മുൻ ഡിജിപിയെന്ന നിലയിൽ കേസെടുക്കാൻ സെൻകുമാര്‍ സമ്മര്‍ദ്ദം ചെലുത്തിക്കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻകുമാറിനെ കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസിലായോ എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു മുഖ്യമന്ത്രി 

Follow Us:
Download App:
  • android
  • ios