മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി
നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് അരുൺ വായ്പ എടുത്തിരുന്നു. 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കൾ പറയുന്നു.
കൊല്ലം ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി. ചിതറ സ്വദേശി അരുണാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.
ചിതറ പെരുവണ്ണാമൂലയിലെ ബന്ധുവീട്ടിലാണ് 29 വയസുകാരനായ അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് അരുൺ വായ്പ എടുത്തിരുന്നു. 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അരുൺ അസുഖ ബാധിതനായതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇതോടെ മൈക്രാഫിനാൻസുകാർ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി.
ഇതിന്റെ മനോവിഷമത്തിലാണ് അരുൺ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ചിതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം