Asianet News MalayalamAsianet News Malayalam

സിപിഎം ഭീഷണിപ്പെടുത്തിയില്ലെന്ന് രാജ്കുമാറിന്‍റെ കുടുംബം: മരണം പൊലീസ് മര്‍ദ്ദനം മൂലം

രാജ്കുമാറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. മലയാളമോ ഇംഗ്ലീഷോ എഴുതാനും വായിക്കാനും അറിയില്ല. അങ്ങനയൊരാള്‍ എങ്ങനെയാണ് ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുക. 

family of rajkumar says they have no complaint against cpim
Author
Idukki, First Published Jun 28, 2019, 2:39 PM IST

നെടുങ്കണ്ടം: പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്‍റെ ഭാര്യ വിജയ. ഒരു പാ‍ര്‍ട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പാര്‍ട്ടിക്കാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കൂലി പണിക്ക്പോകുന്നയാളാണ് ഭര്‍ത്താവ്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ്  ആള്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായിരിക്കുകയാണെന്ന് വ്യക്തമായത്. ഇംഗ്ലീഷോ മലയാളമോ എഴുതാനോ വായിക്കാനോ അറിയാത്ത ഭര്‍ത്താവ് എങ്ങനെ ഇത്രയും കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയായതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും വിജയ ആവശ്യപ്പെട്ടു. അതിനിടെ കസ്റ്റഡി മര്‍ദ്ദനം നടന്ന നെടുങ്കണ്ടം സ്റ്റേഷനില്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് കുമാര്‍ അഗര്‍വാള്‍ എത്തി. തെളിവെടുപ്പിനായാണ് ഗോപേഷ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്. 
 

വിജയയുടെ വാക്കുകള്‍...

രാജ്കുമാറിന്‍റെ മരണത്തിന്‍റെ പേരില്‍ ഒരു പാര്‍ട്ടിക്കാരും ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ പാര്‍ട്ടിക്കാരും ഞങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഭര്‍ത്താവിന്‍റെ മരണത്തില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ഞങ്ങളുടെ സംശയങ്ങളൊക്കെ അവരോട് പറഞ്ഞിരുന്നു. എല്ലാം അന്വേഷിക്കാമെന്നും സത്യം കണ്ടെത്തുമെന്നും അവര്‍ ഉറപ്പ് നല്‍കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ട്. അവരോട് സഹകരിക്കുന്നുമുണ്ട്.  

രാജ്കുമാറിനെ മര്‍ദ്ദിച്ചാണ് പൊലീസ് കൊണ്ടു പോയത് എന്ന് പറഞ്ഞത് ‍ഞങ്ങളല്ല. അത് പറഞ്ഞത് അയല്‍വാസികളാണ്. അവരുടെ മുന്നില്‍ വച്ചാണ് രാജ്കുമാറിനെ പൊലീസ് കൊണ്ടു പോയത്. എന്‍റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു കൊന്നതാണ്. 12-ാം തീയതി ഭര്‍ത്താവിനെ പൊലീസ് പിടിച്ചെങ്കിലും 16-ാം തീയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് ദിവസം അവര്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലിട്ട് മര്‍ദ്ദിച്ചു.

ഭര്‍ത്താവിന്‍റെ മൃതദേഹം നല്ല പോലെ കാണാന്‍ ഞങ്ങളെ സമ്മതിച്ചില്ല. ബോ‍ഡിയില്‍ തൊടാന്‍ പോലും അനുവദിച്ചില്ല. മുഖം മാത്രമേ കാണിച്ചുള്ളൂ. രാജ് കുമാറിന് കൂലിപണിയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ ഇല്ലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോള്‍ മാത്രമാണ് ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളൊക്കെ ഭര്‍ത്താവിന്‍റെ പേരിലുണ്ടായിരുന്നു എന്നറിയുന്നത്.

ഞങ്ങളോട് ഒന്നും തന്നെ പൊലീസ് എഴുതി വാങ്ങിയിട്ടില്ല. ഭര്‍ത്താവ് തട്ടിപ്പ് നടത്തിയെങ്കില്‍ അതിനെക്കുറിച്ച് പൊലീസിന് അന്വേഷിക്കാം എത്രകോടിയുടെ തട്ടിപ്പായാലും അതിനെ കുറിച്ച് അന്വേഷിക്കാം. അതല്ലാതെ എങ്ങനെയാണ് ഒരാളെ തല്ലിക്കൊല്ലുക. പൊലീസ് ഭര്‍ത്താവിനെ കൊണ്ടു പോയപ്പോഴും ഇങ്ങനെ തല്ലിക്കൊല്ലുമെന്ന് കരുതിയില്ല. 

തമിഴ് മീഡിയത്തില്‍ ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാളാണ് എന്‍റെ ഭര്‍ത്താവ്. മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ ആള്‍ക്ക് അറിയില്ല. അങ്ങനെയുള്ള ആള്‍ എങ്ങനെയാണ് ഇത്ര വലിയ സാമ്പത്തികതട്ടിപ്പ് നടത്തുക. ഇതിനെല്ലാം പിന്നിലെ സത്യം ഞങ്ങള്‍ക്കറിയണം. 

ഭര്‍ത്താവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു എന്നെല്ലാം അവര്‍ പറയുന്നു. 2005-ല്‍ ഒരു അപകടത്തില്‍ ഭര്‍ത്താവിന് കാലിന് പരിക്കേറ്റിരുന്നു. അതിനു ശേഷം നേരാവണ്ണം നടക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അങ്ങനെയുള്ള ആള്‍ ഓടി എന്നൊക്കെയാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 17-ാം തീയതിയാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നും പോയത്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ആള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന പരിപാടിയും മറ്റും ഉള്ളതായി അറിയുന്നത് തന്നെ. 

 

Follow Us:
Download App:
  • android
  • ios