നെല്ലുസംഭരണത്തില്‍ കൃത്രിമം കാണിച്ച് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 'ഓപ്പറേഷന്‍ റൈസ് ബൗള്‍, എന്നപേരില്‍ നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, കണിയാമ്പറ്റ കൃഷിഭവനുകളുടെ കീഴിലെ പാടശേഖരങ്ങളിലായിരുന്നു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വയനാട് യൂണിറ്റ് ഡിവൈ.എസ്.പി. സിബി തോമസിന്റെ നേതൃത്വത്തില്‍ മിന്നല്‍പ്പരിശോധന നടത്തിയത്. 

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ നടക്കുന്ന വെട്ടിപ്പുകള്‍ കൈയ്യോടെ പിടികൂടി വിജിലന്‍സ്. ജില്ലയില്‍ നെല്ലുസംഭരണത്തില്‍ കൃത്രിമം കാണിച്ച് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 'ഓപ്പറേഷന്‍ റൈസ് ബൗള്‍, എന്നപേരില്‍ നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, കണിയാമ്പറ്റ കൃഷിഭവനുകളുടെ കീഴിലെ പാടശേഖരങ്ങളിലായിരുന്നു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വയനാട് യൂണിറ്റ് ഡിവൈ.എസ്.പി. സിബി തോമസിന്റെ നേതൃത്വത്തില്‍ മിന്നല്‍പ്പരിശോധന നടത്തിയത്. 

നൂല്‍പ്പുഴ കൃഷിഭവന് കീഴിലാണ് വലിയ തട്ടിപ്പ് നടന്നിരിക്കുന്നത്. നൂല്‍പ്പുഴ കൃഷിഭവനില്‍ 80 സെന്റ് നിലം നെല്ല് സംഭരിക്കുന്നതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 1641 കിലോഗ്രാം നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയെന്നും രേഖകളിലുണ്ട്. എന്നാല്‍, വിജിലന്‍സ് പരിശോധനയില്‍ എണ്‍പത് സെന്റിലും കവുങ്ങ് കൃഷിയാണ് കണ്ടെത്തിയത്. മറ്റൊരു കര്‍ഷകന്‍ ഏഴര ഏക്കര്‍ നിലം നെല്ല് സംഭരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത് വാഴ ഉള്‍പ്പെടെയുള്ള മറ്റു വിളകളാണ് കൃഷിചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൃഷിഭൂമിയില്‍നിന്ന് ലഭിക്കാവുന്നതിലുമധികം നെല്ല് സപ്ലൈകോയ്ക്ക് നല്‍കി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ വിലക്ക് മറ്റിടങ്ങളില്‍നിന്ന് നെല്ല് വാങ്ങി കിലോക്ക് 28 രൂപ നിരക്കില്‍ സപ്ലൈകോയ്ക്ക് നല്‍കിയാണ് ക്രമക്കേട് നടത്തുന്നതെന്നാണ് സംശയം.

മുള്ളന്‍കൊല്ലി കൃഷിഭവന് കീഴില്‍ നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂമി രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൃഷി ചെയ്യാത്ത ഭൂമിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായാണ് കണ്ടെത്തിയിട്ടുള്ളത്. കര്‍ഷകരില്‍ നിന്ന് സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാര്‍ നടത്തിയ തട്ടിപ്പും കണ്ടെത്തിയതില്‍പ്പെടും. മുന്‍വര്‍ഷങ്ങളില്‍ സപ്ലൈകോയുമായി കരാറിലേര്‍പ്പെട്ട മില്ലുകാര്‍ കര്‍ഷകരില്‍നിന്ന് നെല്ല് ശേഖരിക്കുന്ന സമയം പൊടിയുടെയും ഈര്‍പ്പത്തിന്റെയും പേരില്‍ പത്ത് ശതമാനം തൂക്കക്കുറവ് വരുത്തി നെല്ല് സംഭരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

നെല്‍ക്കൃഷിയോഗ്യമായ സ്ഥലത്തിന്റെ വിസ്തീര്‍ണം തിട്ടപ്പെടുത്തുന്നതില്‍ കൃഷി അസിസ്റ്റന്റുമാര്‍ക്ക് സാധിക്കാതെ വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം കര്‍ഷകരും കാലാവസ്ഥ വ്യതിയാനം, വന്യമൃഗ ഭീഷണി വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികളോട് മല്ലിട്ട് നെല്‍കൃഷി ചെയ്ത സപ്ലൈകോയ്ക്ക് നല്‍കി പണം കിട്ടാന്‍ മാസങ്ങളായി കാത്തിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ സ്വാധീനവും മറ്റും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയവര്‍ക്ക് പുറമെ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. ഇന്‍സ്‌പെക്ടര്‍മാരായ മനോഹരന്‍ തച്ചമ്പത്ത്, എ.യു. ജയപ്രകാശ് തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Read Also: താമസം താത്കാലിക ഷെഡിൽ, തല ചായ്ക്കാൻ ഇടം തേടി കേരളത്തിലെ 19 എംഎൽഎമാർ