മുനിസിപ്പാലിറ്റിയിൽ ഓഫീസ് ആവശ്യത്തിനെത്തിയ സ്ത്രീയുടെ കാറാണ് കത്തിയത്. ഓഫീസിലേക്ക് പോകുന്നതിനായി പാര്‍ക്കിന് മുന്നില്‍ കാര്‍ ഒതുക്കിയിടുകയായിരുന്നു

തൃശൂര്‍: ചാലക്കുടിയിൽ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചാലക്കുടി കലാഭവൻ മണി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തൊട്ടുമുന്നിലെ മുനിസിപ്പൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടി രക്ഷാനിലയത്തിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

മുനിസിപ്പാലിറ്റിയിൽ ഓഫീസ് ആവശ്യത്തിനെത്തിയ ചാലക്കുടി പോട്ട സ്വദേശി മണക്കാട്ട് ദിവ്യ ഓടിച്ച കാറാണ് കത്തിയത്. ഓഫീസിലേക്ക് പോകുന്നതിനായി പാര്‍ക്കിന് മുന്നില്‍ കാര്‍ ഒതുക്കിയിടുകയായിരുന്നു. ശേഷം വണ്ടി എടുക്കാൻ നേരം മുൻഭാഗത്ത് നിന്നായി പുക ഉയരുന്നത് കണ്ട ദിവ്യ വര്‍ക്‍ഷോപ്പ് ജീവനക്കാരനെ വിളിക്കാൻ തിരിച്ചിരുന്നു. 

അപ്പോഴേക്ക് പുക ഉയരുകയും തീ പടരുകയും ചെയ്തു. ഇതു കണ്ട മുൻസിപ്പൽ ജീവനക്കാർ നഗരസഭയുടെ ഓഫീസ് കെട്ടിടത്തിലെ സൈറൻ മുഴക്കുകയും, കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഫയർഫോഴ്സ് കൂടി എത്തിയതോടെ വലിയ ദുരന്തം ഒഴിവാക്കിക്കൊണ്ട് തീ പൂര്‍ണമായും അണയ്ക്കാൻ സാധിച്ചു. 

Also Read:- മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo