എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനടുത്ത് ഗാന്ധി സ്ക്വയറിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ പാമ്പിനെ കണ്ടതോടെ ആളുകൂടി.
കൊച്ചി: കൊച്ചി നഗരത്തിൽ മരത്തിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ തൽക്കാലം പിടിക്കേണ്ടെന്ന് വനം വകുപ്പ് തീരുമാനം. വെള്ളം മരത്തിനു മുകളിലേക്ക് പമ്പ് ചെയ്ത് താഴെ ഇറക്കാൻ ശ്രമിച്ചാൽ പാമ്പിന് അപകടമാകുമെന്ന വിലയിരുത്തലിലാണ് പാമ്പ് താഴെയിറങ്ങും വരെ കാത്തിരിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പാമ്പിനെ നിരീക്ഷിക്കാൻ വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറെ ചുമതലപ്പെടുത്തി.
ഇന്ന് ഉച്ചയോടെയാണ് മരത്തിന്‍റെ മണ്ടേലൊരു പെരുമ്പാമ്പിനെ കണ്ടത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനടുത്ത് ഗാന്ധി സ്ക്വയറിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ പാമ്പിനെ കണ്ടതോടെ ആളുകൂടി. കൗണ്‍സിലറും എംഎൽഎയും പൊലീസും ഫയര്‍ഫോഴ്സും വനം വകുപ്പും സ്ഥലത്തെത്തി. കാഴ്ച കാണാന്‍ ആളുകളും വന്നു. കണ്ടവര്‍ കാണാത്തവരെ വിളിച്ചു കാണിച്ചു. ആളും ബഹളവും കണ്ട് അമ്പരന്ന വഴിയാത്രികര്‍ പാമ്പിനെ കാണാന്‍ വണ്ടിയില്‍ നിന്ന് കൈയും തലയും പുറത്തേക്കിട്ട് നോക്കി.
വെളളം ചീറ്റിയാല്‍ പാമ്പിനെ താഴെയിടാമെന്ന് ഫയര്‍ ഫോഴ്സ് ആദ്യം തീരുമാനിച്ചു. എന്നാല്‍ താഴെ വീണാല്‍ പാമ്പു ചത്താലോയെന്ന് വനം വകുപ്പ് ആശങ്ക തോന്നി. ഒടുവില്‍ പാവം പാമ്പിനെ പിടിക്കേണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. താഴത്തെ ബഹളമൊക്കെ അറിഞ്ഞിട്ടോ എന്തോ മരത്തിനു മുകളില്‍ അനക്കമില്ലാതെ പാമ്പിരിപ്പുണ്ട്. താഴെ പാമ്പിറങ്ങുന്നതും കാത്ത് മേലേക്ക് നോക്കി കുറേ നഗരവാസികളും.



