പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പരസ്യമായി സ്ഥാനം ആവശ്യപ്പെട്ടതിൽ സിപിഎമ്മിന് അതൃപ്തിയുണ്ടെങ്കിൽ 'അങ്ങ് ക്ഷമിച്ചേര്' എന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള എൽ ഡി എഫിനെ തർക്കം ചർച്ചകളിലൂടെ സുഗമമായി പരിഹരിക്കാവുന്നതേയുള്ളൂവെന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു. 'പ്രതിപക്ഷ ഉപനേതൃസ്ഥാനം പരസ്യമായി ആവശ്യപ്പെട്ടതിൽ സി പി എമ്മിന് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അത് അങ്ങ് ക്ഷമിച്ചേര്' എന്നും അദ്ദേഹം പറഞ്ഞു. രണ്ട് പാർട്ടികളും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂവെന്നും സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ഈ വിഷയം അറിയാത്തതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ പരസ്യമായി ആവശ്യപ്പെട്ടതിൽ സി പി എമ്മിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സി പി ഐയുടെ ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് പി ബി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സി പി എം ജനറൽ സെക്രട്ടറി ബേബിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളോടാണ് പ്രകാശ് ബാബു പ്രതികരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസം

പ്രതിപക്ഷ ഉപനേതൃസ്ഥാനം ഭരണഘടനാ പദവിയാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ലെന്നും അതിനാൽത്തന്നെ വലിയ തർക്കമായി ഇതിനെ മാറ്റേണ്ടതില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി. നിലവിൽ ചർച്ച ചെയ്യപ്പെടേണ്ടത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസമാണ്. സുഡോകു പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് നീണ്ടുപോകുന്നത്. ഒരേ ദിവസം തിരഞ്ഞെടുപ്പ് ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ അധികാരമേറ്റു കഴിഞ്ഞിട്ടും ഇവിടെ തീരുമാനമാകത്തതിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ചർച്ചയിൽ രാഹുലിന്‍റെ ചോദ്യങ്ങൾ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. രാഹുൽ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്. ആരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ചോദിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. ജനവികാരം കൂടി പരിഗണിക്കണമെന്ന് ചില നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതിഷേധമെങ്കിൽ പാർട്ടി പറയുമ്പോൾ നിർത്തുമോയെന്ന ചോദ്യവും ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കേരളത്തിലെ മുഖ്യമന്ത്രി കസേരക്കായി രംഗത്തുള്ളത്. കേരളത്തിലെ നേതാക്കളുമായുള്ള സോണിയ ഗന്ധിയുടെ വസതിയിലെ കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് വൈകിട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി ചർച്ച നടത്തും. ഇതിന് ശേഷം സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാകും പ്രഖ്യാപനം.

YouTube video player