2016ൽ ഭരണാനുമതി ലഭിച്ച പാലത്തിന് എട്ടു വർഷം മുൻപ് തന്നെ ഭരണാനുമതി ലഭിച്ചിരുന്നു എന്ന് പറയുന്നത് വിസ്മയം തന്നെയാണെന്നാണ് വീണാ ജോർജ് കുറിച്ചത്. വിഎസ് സർക്കാരിന്റെ കാലത്ത് കോഴഞ്ചേരി പാലത്തിന് ടോക്കൺ അനുവദിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ കാലത്ത് ഒരു ശുപാർശ കത്ത് പോലും ലഭിച്ചിരുന്നില്ല.

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ 'ക്രെഡിറ്റ്' ആർക്കെന്നതിൽ രാഷ്ട്രീയപോര് മുറുകുന്നു. ഏറ്റവുമൊടുവിൽ പാലവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തർക്കത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കിയ്ക്ക് മറുപടിയുമായി മുൻ എംഎൽഎ വീണാ ജോർജ് രം​ഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീണാ ജോർജിന്റെ പുതിയ പ്രതികരണം.

2016ൽ ഭരണാനുമതി ലഭിച്ച പാലത്തിന് എട്ടു വർഷം മുൻപ് തന്നെ ഭരണാനുമതി ലഭിച്ചിരുന്നു എന്ന് പറയുന്നത് വിസ്മയം തന്നെയാണെന്നാണ് വീണാ ജോർജ് കുറിച്ചത്. വിഎസ് സർക്കാരിന്റെ കാലത്ത് കോഴഞ്ചേരി പാലത്തിന് ടോക്കൺ അനുവദിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ കാലത്ത് ഒരു ശുപാർശ കത്ത് പോലും ലഭിച്ചിരുന്നില്ല.

2016ൽ താൻ എംഎൽഎ ആകുമ്പോൾ ആറന്മുള മണ്ഡലത്തിൽ പൂർത്തിയായതോ നിർമ്മാണത്തിലുള്ളതോ ആയ ഒരു പ്രോജക്റ്റും ഉണ്ടായിരുന്നില്ല. 2012-13 കാലഘട്ടത്തിൽ രണ്ടുകോടി അനുവദിച്ചിരുന്നെങ്കിൽ ഒരു കല്ല് പോലും ഇടാഞ്ഞതെന്ത്? 2014ൽ 39 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ച് അനുവദിച്ചെങ്കിൽ ആ തുക എവിടെപ്പോയി എന്നും വീണാ ജോർജ് ചോദിച്ചു.

പത്തനംതിട്ട കോഴഞ്ചേരിയിലെ പുതിയ പാലം ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നത്. പുതിയ പാലത്തിനായി എല്ലാം ചെയ്തത് താനാണെന്നും അബിൻ വർക്കി എംഎൽഎ നുണപറയുന്നുവെന്നും വീണാ ജോർജ് നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അനുമതി നൽകിയതിന്‍റെ രേഖപുറത്തുവിട്ട അബിൻ വർക്കി, വീണാ ജോ‍ർജിനെ പരിഹസിച്ചും രം​ഗത്തെത്തി. ഇതിനുപിന്നാലെയാണ് വീണാ ജോർജ് വീണ്ടും പ്രതികരിച്ചിരിക്കുന്നത്.

പാലത്തിന്‍റെ ഉദ്ഘാടനം അറിയിക്കാൻ അബിൻ വർക്കി എംഎൽഎ വിളിച്ച വാർത്താസമ്മേളനമാണ് പോരിനാധാരം. ആറന്മുളയുടെ മുൻ എംഎൽഎ ശിവദാസൻ നായരാണ് പുതിയ പാലം എന്ന പദ്ധതി കൊണ്ടുവന്നത്. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു. മുൻ മന്ത്രി വീണാ ജോർജിനെ ക്ഷണിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പലവട്ടം ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. അബിൻ വർക്കിയുടെ ഈ പരാമർശം ചർച്ചയായതോടെ വീണാ ജോർജ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഒന്നാംപിണറായി സർക്കാരിന്‍റെ കാലത്ത് കിഫ്ബി വഴി തുടങ്ങിയതാണ് പാലമെന്നും അനുമതി ലഭിച്ച ഓരോഘട്ടങ്ങളുടെ തീയതിയും വീണ പോസ്റ്റിൽ കുറിച്ചു. അബിൻ വർക്കി നുണ പറയുകയാണെന്നും വീണാ ജോർജ് ആരോപിച്ചു.

കോഴഞ്ചേരിയുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഞായറാഴ്ച വിരാമമാകുന്നത്. കോഴഞ്ചേരി നഗരത്തിലെ കുരുക്കിൽപ്പെടാതെ ടി.കെ. റോഡിലൂടെ ഇനി പുതിയപാലംവഴി യാത്ര ചെയ്യാം. ഞായറാഴ്ച വൈകിട്ടാണ് പാലത്തിന്റെ ഉദ്​ഘാടനം.