ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കാനാണ് വിളിച്ചിരിക്കുന്നത്.
കൊല്ലം: കോൺഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. ഉമ്മൻചാണ്ടി അനുസ്മരണത്തിന് ക്ഷണിച്ചുവെന്ന് ഐഷ പോറ്റി പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ പോലെ ഒരു മനുഷ്യൻ്റെ അനുസ്മരണത്തിന് വിളിക്കുമ്പോൾ പോകാതിരിക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ഐഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കാനാണ് വിളിച്ചിരിക്കുന്നത്. സിപിഎമ്മിൻ്റെ പരിപാടികൾ പങ്കെടുക്കേണ്ട സമയങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. സിപിഎമ്മിൻ്റെ പരിപാടികളിൽ ഓടിയെത്താൻ പറ്റുന്നില്ല. അന്ന് ചെറിയ പ്രശ്നങ്ങളുണ്ട്. കാലിന് ട്രീറ്റ്മെൻ്റ് എടുത്തിരുന്നു. ഒഴിവാക്കാൻ പാർട്ടിയോട് ഞാനാണ് പറഞ്ഞത്. പുതിയ ആളുകളെ ഉൾപ്പെടുത്താനും ഞാൻ തന്നെയാണ് പാർട്ടിയോട് ആവശ്യപ്പെട്ടതും. എനിക്കെൻ്റെ പ്രൊഫഷണലിലേക്ക് ശ്രദ്ധിക്കണമെന്നുണ്ട്. പാർട്ടിയുമായി അകന്ന് നിൽക്കുന്നില്ല. നിലവിൽ പാർട്ടിയിൽ കുറേ പേരുണ്ട്. തൊഴിലിൽ ആക്റ്റീവായി നിൽക്കുമ്പോഴാണ് മത്സരിച്ചത്. അധികാരമോഹിയല്ല. പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. അസൗകര്യത്തിൽ പ്രവർത്തിക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെയുള്ളവർ പ്രവർത്തിക്കട്ടെയെന്നും ഐഷ പോറ്റി പറഞ്ഞു.
കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി പങ്കെടുക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. സിപിഎം വേദികളിൽ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനിൽക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിട്ടു നിൽക്കുന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ വിശദീകരണം. നേരത്തെ, കോണ്‍ഗ്രസ് വേദിയിൽ പികെ ശശി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു.



