സിപിഎം വേദികളിൽ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനിൽക്കുകയാണ്

കൊല്ലം: കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സിപിഎം മുൻ എംഎൽഎ ഐഷ പോറ്റിയും. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. സിപിഎം വേദികളിൽ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനിൽക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിട്ടു നിൽക്കുന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ വിശദീകരണം. നേരത്തെ, കോണ്‍ഗ്രസ് വേദിയിൽ പികെ ശശി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. 

ചർച്ചയായത് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിലെ സാന്നിധ്യം

ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് പികെ ശശി പറഞ്ഞുവച്ചത്. താൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ തന്നെ ഭയപ്പെടേണ്ട കാര്യമെന്താണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു.

മണ്ണാര്‍ക്കാട് മേഖലയിൽ പികെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം നേരത്തെ തുടങ്ങിയതാണ്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരൽപ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായി. അതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി എത്തിയത്. നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടന ചടങ്ങിനാണ് പികെ ശശി മുഖ്യാതിഥിയായി എത്തിയത്. പിന്നില്‍ രാഷ്‌ട്രീയമായ ഒരു നീക്കവുമില്ലെന്നും കെടിഡിസി ചെയര്‍മാനെന്ന നിലക്കാണ് പികെ ശശിയെ ക്ഷണിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം. പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌‍ഠൻ എംപിയും ലീഗ് എംഎൽഎയായ എന്‍ ഷംസുദ്ദീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

YouTube video player