ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് വിദേശത്ത് ആറ് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയിൽ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി  ഷിന്‍റോ ജോർജ് എന്നിവര്‍ ലണ്ടനിൽ വെച്ചും മരിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഷിന്‍റോ ജോർജ് . 
ഇവരുടെ ഭാര്യയും കുഞ്ഞും ലണ്ടനിലാണുള്ളത്. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്‌മനയിലെ സ്വകാരുണ്യ ആശുപത്രിയിൽ ആയിരുന്നു ഹാരിസിന്റെ മരണം. ഇതോടെ, വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി. 

Also Read: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ മലയാളി മരിച്ചു

അമേരിക്കയിലാണ് ഏറ്റവുമധികം മലയാളികൾ മരിച്ചത്. വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിതരായി മരിയ്ക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തിക്കാൻ സാധ്യമാകില്ല എന്നത് ബന്ധുക്കളുടെ വേദന ഇരട്ടിയാക്കുന്നു. പതിനേഴ് വർഷമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ. കൂടപ്പിറപ്പിനെ അവസാനമായി ഒന്ന് കാണാനാവില്ലെന്ന വേദനയിലാണ് നാട്ടിലുള്ള സഹോദരൻ ജോൺ. ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. അയര്‍ലന്‍റില്‍ മലയാളി നഴ്സും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് ഇന്നലെ മരിച്ചത്.

Also Read: കൊവിഡ് 19 ; ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Also Read: അയര്‍ലന്‍റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയായ ഇഞ്ചനാട്ട് തങ്കച്ചൻ മരിച്ചതിന്‍റെ ഞെട്ടലിലാണ് നാട്ടിലെ കുടുംബാംഗങ്ങൾ. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു 51 കാരനായ തങ്കച്ചൻ. ഒരാഴ്ച മുമ്പ് ജലദോഷവും നേരിയ പനിയും ബാധിച്ച തങ്കച്ചനെ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി മരണം സംഭവിക്കുകയായിരുന്നു.

Also Read: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അതേസമയം, അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ന്യൂയോർക്കിലെ മരണസംഖ്യയിൽ നേരിയ കുറവെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് പ്രതീക്ഷയുടെ വെളിച്ചം ദൂരെ കണ്ടുതുടങ്ങിയെന്നാണ് പ്രതികരിച്ചത്. അധികം വൈകാതെ തന്നെ നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് നാം അഭിമാനിക്കും. പക്ഷേ നിരവധി പേർ മരിച്ചുവീഴുന്ന ഈ സന്ദർഭത്തിൽ സന്തോഷിക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു