മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ മുംബൈയിൽ പിടിയിൽ. വെടിവെച്ചയാളടക്കം നാല് പേര്‍ പിടിയിലായെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ ഫെബ്രുവരി രണ്ടിനാണ് അജ്ഞാതസംഘം വെടിവെച്ചു കൊന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ശ്രീവാസ്തവയെ യുപിയിലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപം വച്ചാണ് വെടിവെച്ചു കൊന്നത്. ശ്രീവാസ്തവയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. 

മോട്ടോര്‍സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗൊരഖ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിന്ദുമഹാസഭ നേതാവ് രഞ്ജിത് ശ്രീവാസ്തവ. ഇദേഹത്തിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു.