തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീരദേശപ്രദേശങ്ങളിൽ കടലാക്രണമം രൂക്ഷമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ബാക്കി തുക ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ ഇളവു നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.