വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമ്മിക്കാനാണ് സർക്കാർ തീരുമാനം.
തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാർബർ നിർമിക്കുന്നതിന് നടപടി. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ എൽ ആകൃതിയിലുള്ള ബെർത്തും ഉൾപ്പെടുന്നതാണ് ഹാർബർ. ഇതിനായുള്ള ഒന്നാംഘട്ട നിർമാണത്തിന് സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. വിഴിഞ്ഞം പാരിസ്ഥിതിക, തീരദേശ നിയന്ത്രണ മേഖല അനുമതികളുമായി ബന്ധപ്പെട്ട് അധിക ഫിഷിങ് ലാൻറിങ് സെൻ്റർ വേണമെന്ന നിർദേശം ഉണ്ടായിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിൻ്റെ നീക്കം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 235 മീറ്റർ നീളമുള്ള പുലിമുട്ടും 500 മീറ്റർ നീളമുള്ള എൽ ആകൃതിയിലുള്ള ബെർത്തും ഉൾപ്പെടുന്നു. കൂടാതെ ഡ്രെഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ടാകും. പുതിയ ഫിഷിംഗ് ഹാർബർ മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിത ബെർത്തിങ്ങും മത്സ്യം കയറ്റുന്നതിനും ഇറക്കുന്നതിനും മെച്ചപ്പെട്ട സൗകര്യവും ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


