Asianet News MalayalamAsianet News Malayalam

'സിഎജി'യിൽ കരുതലോടെ സർക്കാർ; പ്രതിപക്ഷത്തിനും കുരുക്ക്, ചില അഴിമതി യുഡിഎഫ് കാലത്തേത്

പൊലീസ് മാത്രമല്ല സർക്കാർ ആകെ സിഎജി റിപ്പോർട്ടിൽ പ്രതിരോധത്തിലാണ്. പക്ഷെ തുടർ നടപടിയും പ്രതികരണങ്ങളുമെല്ലാം കരുതലോടെ മാത്രം. അതുകൊണ്ടാണ് സിപിഎം അടക്കം മുഖ്യമന്ത്രി മാത്രം പ്രതികരിക്കട്ടെ എന്ന് നിലപാടെടുക്കുന്നത്. 

government to take a slow move on cag report findings on corrpution and lapses in police funds
Author
Thiruvananthapuram, First Published Feb 14, 2020, 5:04 PM IST

തിരുവനന്തപുരം: പൊലീസിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളിൽ സർക്കാറിന് മെല്ലെപ്പോക്ക്. ഇന്നത്തെ മന്ത്രിസഭാ യോഗം റിപ്പോർട്ട് ചർച്ച ചെയ്തില്ല. പ്രതിപക്ഷം ഗവർണറെ സമീപിക്കാനൊരുങ്ങുന്നത് മുൻകൂട്ടി കണ്ട് ഡിജിപി ഗവർണറെ ഇന്നലെ നേരിട്ട് കണ്ട് വിശദീകരണം നൽകി.

പൊലീസ് മാത്രമല്ല സർക്കാർ ആകെ സിഎജി റിപ്പോർട്ടിൽ പ്രതിരോധത്തിലാണ്. പക്ഷെ തുടർ നടപടിയും പ്രതികരണങ്ങളുമെല്ലാം കരുതലോടെ മാത്രം. വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് വന്ന് ഒരാഴ്ചക്കുള്ളിലായിരുന്നു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ സ്വന്തം നിലയ്ക്കുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന്‍റെ സൂചനകൾ ഇതുവരെ സർക്കാറിൽ നിന്നും കിട്ടുന്നില്ലെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടിന്മേൽ പരിശോധന നടത്തേണ്ട നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (PAC) വിശദീകരണം നൽകി തടിയൂരാനാണ് ശ്രമം. സിഎജി റിപ്പോർട്ടിന്മേൽ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നും വി ഡി സതീശൻ അധ്യക്ഷനായ പിഎസി, മറുപടി തേടും. തെളിവെടുപ്പുകൾക്ക് ശേഷമാണ് പിഎസി സർക്കാരിന് റിപ്പോർട്ട് നൽകുക. തെളിവെടുപ്പിൽ ബന്ധപ്പെട്ടവർ നൽകിയ വിശദീകരണത്തിൽ തൃപ്തിയുണ്ടോ, അതോ കൂടുതൽ അന്വേഷണം ആവശ്യമാണോ, അങ്ങനെയെങ്കിൽ ഏത് തരം തുടരന്വേഷണം വേണമെന്ന് ഈ റിപ്പോർട്ടിലുണ്ടാകും. 

Read more at: പൊലീസിൽ അഴിമതിയെന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം

പ്രതിപക്ഷവും കുരുക്കിൽ

2013 മുതലുള്ള ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടിയതിനാൽ പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി പി സെൻകുമാർ ഡിജിപിയുമായ കാലത്ത്, അതായത് 2015-ലും 400 ലേറെ വെടിയുണ്ടകൾ കാണാനില്ലെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളിൽ ജിപിഎസ്സും വോയ്സ് ലോഗറും വെക്കാനുള്ള കരാറിലെ ക്രമക്കേടുകളും യുഡിഎഫ് കാലത്താണ്.

എങ്കിലും അന്ന് പൊലീസ് നവീകരണ ചുമതലയുള്ള എഡിജിപി ലോക്നാഥ് ബെഹ്റയായിരുന്നു എന്നത് ഇപ്പോൾ ഡിജിപിയായ ബെഹ്റയ്ക്ക് മേലുള്ള കുരുക്ക് മുറുക്കുന്നതാണ്.

അതുകൊണ്ടു തന്നെയാണ് വിവാദം ശക്തമാകുന്നതിനിടെ ഇന്നലെ ബെഹ്റ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കൊപ്പം ഗവർണറെ കണ്ടത്. കാണാനില്ലെന്ന് സിഎജി പറഞ്ഞ ആയുധങ്ങൾ എആർ സേനാ ക്യാമ്പിലുണ്ടെന്നും രേഖകൾ സൂക്ഷിച്ചതിലാണ് പിശകെന്നുമുള്ള വിശദീകരണങ്ങളാണ് ബെഹ്റ ഗവർണർക്ക് നൽകിയതെന്നാണ് വിവരം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉടൻ ഗവണറെ സമീപിക്കാനിരിക്കെയാണ് നീക്കം ഒരു മുഴം മുമ്പേയുള്ള ഈ നീക്കം.

Follow Us:
Download App:
  • android
  • ios